Breaking
Sat. Oct 31st, 2026

ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ അടച്ചതിൽ ദുരിതത്തിലായി വയോധികർ; കടവനാട് ഓഫീസ് തുറക്കണമെന്ന് ആവശ്യം.

പൊന്നാനി: ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടിയതോടെ ദൈനംദിന സാമ്പത്തിക ഇടപാടുകൾക്കായി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് പ്രായമായവർ ഉൾപ്പെടെയുള്ള നാട്ടുകാർ. വീട്ടിനടുത്തുണ്ടായിരുന്ന പോസ്റ്റ് ഓഫീസുകൾ പൂട്ടിയതോടെ നഗരത്തിലെ ഓഫീസുകളെ ആശ്രയിക്കേണ്ടിവരുന്നു.

നൂറുവർഷത്തോളം പഴക്കമുള്ള കടവനാട് ഗ്രാമീണ പോസ്റ്റ് ഓഫീസ് അടച്ചതോടെ പ്രദേശവാസികൾ ബസിൽ യാത്ര ചെയ്ത് ചന്തപ്പടിയിലെ ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയാണ് ഇടപാടുകൾ നടത്തുന്നത്. രണ്ടാം നിലയിലുള്ള ഓഫീസിലെത്തി മടങ്ങുമ്പോഴേക്കും പ്രായമായവർ ക്ഷീണിതരാകുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.

പൊന്നാനി നഗരസഭാ പരിധിയിലെ ബിയ്യം, ഈശ്വരമംഗലം, കടവനാട് എന്നിവിടങ്ങളിലെ ഗ്രാമീണ പോസ്റ്റ് ഓഫീസുകളാണ് കേന്ദ്ര തപാൽ വകുപ്പിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടിയത്. നഗരസഭാ പരിധിയിലാണെങ്കിലും ഈ പ്രദേശങ്ങൾ ഇപ്പോഴും ഗ്രാമീണ സ്വഭാവം നിലനിർത്തുന്ന മേഖലകളാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

സാധാരണ കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, പെൻഷൻകാർ, വിദ്യാർഥികൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾ ദൈനംദിന തപാൽ-സാമ്പത്തിക ഇടപാടുകൾക്കായി ഈ ഓഫീസുകളെയാണ് ആശ്രയിച്ചിരുന്നത്. ഓഫീസുകൾ അടച്ചതോടെ അധിക യാത്രയും സാമ്പത്തിക ബാധ്യതയും ജനങ്ങൾക്ക് നേരിടേണ്ടിവരുന്നു.

പ്രായോഗിക പഠനം നടത്താതെയാണ് നഗരസഭാ പരിധിയെന്ന സാങ്കേതിക കാരണത്താൽ ഓഫീസുകൾ അടച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം. അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിച്ച് ഓഫീസുകൾ വീണ്ടും തുറക്കണമെന്നും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി അവ നിലനിർത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കടവനാട് പോസ്റ്റ് ഓഫീസ് തുറക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സ്ത്രീകൾ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിലെത്തി പോസ്റ്റ് മാസ്റ്റർക്ക് നിവേദനം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *