മാറഞ്ചേരി: നാടക സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന തിരുത്തുമ്മൽ രാമചന്ദ്രന്റെ (ടി.ആർ.സി.) സ്മരണാർഥമുള്ള പുരസ്കാരം നാടക നടി വത്സല ബാലഗോപാലിന് സമ്മാനിച്ചു.
ടി.ആർ.സി. കലാസാംസ്കാരിക വേദിയും റെഡ് പവർ ജി.സി.സി. മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി പനമ്പാട് നവോദയം പരിസരത്തെ കണ്ണത്ത് പ്രേമചന്ദ്രൻ നഗറിൽ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണവും നാലാമത് പുരസ്കാര സമർപ്പണ ചടങ്ങും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമ്മാനിച്ചു.
ടി.ആർ.സി. കലാസാംസ്കാരിക വേദി വൈസ് ചെയർമാൻ എൻ. രഞ്ജിത്ത് അധ്യക്ഷനായി. റെഡ് പവർ ജി.സി.സി. മെമ്പർ കുഞ്ഞിമോൻ ക്യാഷ് അവാർഡ് കൈമാറി.
കലാ-സാംസ്കാരിക, പൊതുപ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.പി. രാജൻ, ഇ. ഹൈദരലി, ശോഭ ബാലൻ, കൃഷ്ണൻ മാറഞ്ചേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മർവ മുഹമ്മദ് കുട്ടി, എ.പി. വാസു എന്നിവർ സംസാരിച്ചു. എം.ആർ. രജീഷ് സ്വാഗതവും രവീന്ദ്രൻ തിരുത്തുമ്മൽ നന്ദിയും പറഞ്ഞു.

