സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകതയുമായി സമന്വയിപ്പിച്ച് ആധുനികോത്തര കാലഘട്ടത്തിൽ വ്യത്യസ്തമായ ഭാവുകത്വം സൃഷ്ടിക്കാൻ മേതിലിന് കഴിഞ്ഞതായി ജൂറി വിലയിരുത്തി. നോവൽ, ചെറുകഥ, കവിത, ശാസ്ത്രലേഖനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.
1944 ഓഗസ്റ്റ് 24ന് പാലക്കാട് ആലത്തൂർ പുതിയങ്കത്ത് ജനിച്ച മേതിൽ ദേശാഭിമാനി എഡിറ്റോറിയൽ വിഭാഗത്തിലും നോർവീജിയൻ ഷിപ്പിങ് സ്ഥാപനത്തിലും നെസ്റ്റ് സോഫ്റ്റ്‌വെയറിന്റെ മദ്രാസ് ശാഖയിലും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരത്തിന് അർഹനായെങ്കിലും പുരസ്‌കാരം നിരസിച്ചിരുന്നു.

