ദീപാവലിക്ക് മുന്നോടിയായി ആഭ്യന്തര വിമാനയാത്രാ നിരക്കുകൾ കുത്തനെ ഉയർന്നതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല.
നിരക്ക് ഏഴിരട്ടി വരെ വർധിച്ചിട്ടുണ്ടെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്നും ഹർജിക്കാരനായ എസ്. ലക്ഷ്മീനാരായണന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇതിനിടെ, നിരക്ക് വർധനയിൽ ഇടപെടണമെന്ന ആവശ്യം പരിഗണിക്കാതെ ജസ്റ്റിസ് വിക്രം നാഥ് നടത്തിയ ‘എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട’ എന്ന പരാമർശം ശ്രദ്ധേയമായി. മൂന്നംഗ ബെഞ്ച് ഹർജി അടിയന്തരമായി പരിഗണിച്ചില്ല. ഹർജി നേരത്തേ നിശ്ചയിച്ച പ്രകാരം 16ന് പരിഗണിക്കും.
പ്രധാന ആഭ്യന്തര റൂട്ടുകളിൽ സാധാരണയേക്കാൾ ഏഴിരട്ടി വരെ നിരക്ക് ഉയർന്നതിന്റെ വിവരങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു.

