എടപ്പാൾ: സിഐടിയു ചുമട്ടുതൊഴിലാളിയെ വിശ്രമകേന്ദ്രത്തിൽ കയറി മർദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ എടപ്പാൾ ജങ്ഷനിൽ പ്രകടനം നടത്തി.
സിഐടിയു എടപ്പാൾ ടൗൺ സ്റ്റാൻഡിലെ ചുമട്ടുതൊഴിലാളിയും ഉദിനിക്കര സ്വദേശിയുമായ അബീഷ് (41) ആണ് മർദനമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ എടപ്പാൾ മേൽപ്പാലത്തിനടിയിലെ വിശ്രമകേന്ദ്രത്തിലായിരുന്നു സംഭവം. വട്ടംകുളം പഞ്ചായത്ത് മുൻ അംഗവും ജനകീയ മുന്നണി നേതാവുമായ ഇ.എസ്. സുകുമാരനാണ് മർദിച്ചതെന്നാണ് ആരോപണം.
തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണമെന്നാണ് തൊഴിലാളികൾ പറയുന്നത്. കൈയ്ക്കും പുറംഭാഗത്തും തോളിനും പരിക്കേറ്റ അബീഷിനെ ശുകപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ നടന്ന പ്രകടനം സംസ്ഥാന കമ്മിറ്റി അംഗം എം.ബി. ഫൈസൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം എടപ്പാൾ ഏരിയാ സെക്രട്ടറി ടി. സത്യൻ ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

