Breaking
Fri. Nov 6th, 2026

പൊന്നാനി കുറ്റിക്കാട്ടിൽ വാവുവാണിഭത്തിന് പഴയ പ്രതാപം.

പൊന്നാനി: കിഴങ്ങുവർഗങ്ങളും നാടൻ ഉൽപ്പന്നങ്ങളും പണിയായുധങ്ങളും തേടി ആളുകൾ എത്തിത്തുടങ്ങിയതോടെ കുറ്റിക്കാട്ടിലെ വാവുവാണിഭം സജീവമായി. ദീപാവലിയോടനുബന്ധിച്ച് കുറ്റിക്കാട് മുതൽ ഏവി ഹൈസ്കൂൾ വരെയുള്ള പാതയോരങ്ങളിലാണ് മൂന്ന് ദിവസത്തോളം നീളുന്ന വാണിഭം നടക്കുന്നത്.

നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കുറ്റിക്കാട്ടിലെ വാവുവാണിഭം. ആദ്യകാലത്ത് സ്വന്തമായി ഉൽപ്പാദിപ്പിച്ച സാധനങ്ങൾ വിൽക്കുകയും പകരം ആവശ്യമായ മറ്റു വസ്തുക്കൾ വാങ്ങുകയും ചെയ്യുന്നതായിരുന്നു പതിവ്. കാലം മാറിയെങ്കിലും വാണിഭത്തിന്റെ പഴമയും തനിമയും ഇന്നും നിലനിൽക്കുന്നു.

ചേമ്പ്, കാവത്ത്, കൂർക്ക, മധുരക്കിഴങ്ങ്, നെല്ലിക്ക, കരിമ്പ് തുടങ്ങിയ കൃഷിയുൽപ്പന്നങ്ങൾക്കൊപ്പം വിവിധതരം ചെടികളും ഇവിടെ വിൽപ്പനയ്ക്കെത്തുന്നു. മഴു, കോടാലി, കത്തി, ഉലക്ക തുടങ്ങിയ പണിയായുധങ്ങളും മൺപാത്രങ്ങളും വാങ്ങാൻ പ്രദേശവാസികൾ വാവുവാണിഭം കാത്തിരിക്കാറുണ്ട്.

സ്വന്തം കൃഷിയിടങ്ങളിൽ വിളയിച്ച ഉൽപ്പന്നങ്ങളുമായി എത്തുന്നവരിൽ ഭൂരിഭാഗവും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ്. കുറ്റിക്കാട് ക്ഷേത്രത്തോടു ചേർന്ന വാണിഭക്കളത്തിലായിരുന്നു ആദ്യകാലത്ത് വാവുവാണിഭം നടന്നിരുന്നത്. പിന്നീട് ഇത് റോഡരികിലേക്ക് മാറി. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വന്നെങ്കിലും പഴയകാല കച്ചവടരീതികളുടെ ഓർമകൾ നിലനിർത്തി വാവുവാണിഭം ഇന്നും തുടരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *