കുറ്റിപ്പുറം: റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും നമ്പർ പ്ലാറ്റ്ഫോമുകളുടെ വിപുലീകരണ പ്രവൃത്തികൾ ആരംഭിച്ചു. രണ്ടാം നമ്പർ പ്ലാറ്റ്ഫോം ഷൊർണൂർ ഭാഗത്തേക്ക് ഏകദേശം 100 മീറ്ററോളം നീട്ടും. ഒന്നാം നമ്പർ പ്ലാറ്റ്ഫോം എഫ്.സി.ഐ. ഗോഡൗൺ വരെയും ദീർഘിപ്പിക്കും.
റെയിൽവേയുടെ സർവീസ് ട്രെയിനുകൾ നിർത്തുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോം നീട്ടുന്നത്. ട്രാക്ക് അറ്റകുറ്റപ്പണികൾക്കുള്ള ഉപകരണങ്ങളും മറ്റ് സാമഗ്രികളും കയറ്റാനും ഇറക്കാനും ഇതിലൂടെ സൗകര്യമുണ്ടാകും.
സർവീസ് ട്രെയിനുകളുടെ എൻജിനുകൾ നിർത്തുന്നതിനും മെക്കാനിക്കൽ ജോലികൾ നടത്തുന്നതിനും പ്ലാറ്റ്ഫോം പ്രയോജനപ്പെടും. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഷീറ്റ് മേൽക്കൂരയും സ്ഥാപിക്കും. വിപുലീകരണത്തിന്റെ ഭാഗമായി സമീപത്തെ അങ്കണവാടി കെട്ടിടം പൊളിച്ചുമാറ്റി. റെയിൽവേയുടെ അധീനതയിലുള്ള കൂടുതൽ സ്ഥലം ഉപയോഗിച്ചാണ് നിർമാണം.

