Breaking
Wed. Nov 11th, 2026

211 പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം; പൊന്നാനി നഗരസഭയുടെ 2026–27 വാർഷിക പദ്ധതിക്ക് അംഗീകാരം

പൊന്നാനി: 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 211 പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ (ഡി.പി.സി) അംഗീകാരം ലഭിച്ചു. പുതുതായി ഉൾപ്പെടുത്തിയ 167 പദ്ധതികളും ഭേദഗതി വരുത്തിയ 44 പദ്ധതികളുമാണ് അംഗീകാരം നേടിയത്.

നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനുള്ള ഡ്രൈനേജ് പദ്ധതികൾ, നീലംതോട് സംരക്ഷണം, വലിയ ജുമുഅത്ത് പള്ളി കുളം നവീകരണം, ആധുനിക ക്രിമിറ്റോറിയം നിർമാണം എന്നിവയാണ് പ്രധാന പദ്ധതികൾ. വിദ്യാലയങ്ങളിൽ കുടിവെള്ള പരിശോധനാ ലാബുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

പൊതുഇടങ്ങളിൽ സി.സി.ടി.വി ക്യാമറകളും ലോ മാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കൽ, ഹൈടെക് അങ്കണവാടികൾ, വനിതകൾക്കായി ഓപ്പൺ ജിംനേഷ്യങ്ങളും സംരംഭകർക്കുള്ള കിയോസ്കുകളും, പുലർകാല നടപ്പാതകൾ, ലൈബ്രറി ശാക്തീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

മത്സ്യത്തൊഴിലാളികൾക്ക് ഇരുചക്ര വാഹനങ്ങളും ഐസ് ബോക്സുകളും ലഭ്യമാക്കും. തീരദേശ പോലീസ് സ്റ്റേഷനിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കൽ, പൊന്നാനി ബീച്ചിലും പുതുപൊന്നാനി മുനമ്പം മേഖലയിലും സൗന്ദര്യവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കും. കാർഷിക മേഖലയ്ക്കും പദ്ധതികളിലൂടെ പിന്തുണ നൽകും.

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പൊന്നാനിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾ ഏർപ്പെടുത്തുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

16-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉൾപ്പെടെയുള്ള ലഭ്യമായ ഫണ്ടുകൾ പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, പരിസ്ഥിതി, തൊഴിൽ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുടെ വികസനമാണ് നഗരസഭ ലക്ഷ്യമിടുന്നത്.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *