പൊന്നാനി : നഗരസഭാ ബസ്‌സ്റ്റാൻഡ് ആധുനികരീതിയിൽ നവീകരിക്കുന്നു. പി. നന്ദകുമാർ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് ബസ്‌സ്റ്റാൻഡ് നവീകരിക്കുക. പദ്ധതിയുടെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 5.30-ന് എം.എൽ.എ. നിർവഹിക്കും. ബസ്‌സ്റ്റാൻഡിനോട് ചേർന്ന് ഇരുനിലക്കെട്ടിടം നിർമിക്കും. താഴെ വിശ്രമകേന്ദ്രം, സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ശൗചാലയസമുച്ചയം, മുകൾനിലയിൽ കഫ്തീരിയ എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും.
ബസ്‌സ്റ്റാൻഡിനോട് ചേർന്നുള്ള നഗരസഭാ കെട്ടിടത്തിന്റെ മതിൽ ചിത്രംവരച്ച് മനോഹരമാക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് നഗരസഭയ്ക്ക് കീഴിലുള്ള ബസ്‌സ്റ്റാൻഡ് നവീകരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവിടെയെത്തുന്ന യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ബസ് കാത്തിരിക്കുന്നതിനോ ശങ്കയകറ്റാനോ മതിയായ സൗകര്യങ്ങൾ ഇവിടെയില്ല. പുതിയ കെട്ടിടം ഉയരുന്നതോടെ ബസ്‌സ്റ്റാൻഡിന്റെ മുഖച്ഛായതന്നെ മാറും.