പൊന്നാനി ∙ 18 ലക്ഷം രൂപ ചെലവിൽ പുളിക്കക്കടവ് കായൽ തീരത്ത് നടപ്പാലം പുനർനിർമാണം ഉടൻ. അറ്റകുറ്റപ്പണികൾക്ക് നഗരസഭ നടപടി തുടങ്ങി. ജൂൺ മാസത്തിനകം പദ്ധതി പൂർത്തിയാക്കി യാത്രക്കാർക്ക് പാലം തുറന്നു കൊടുക്കുകയാണ് ലക്ഷ്യം. കായൽ തീരത്തെ ടൂറിസം വികസനത്തിന് അമൃത് പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപയുടെ പദ്ധതിയും നഗരസഭ തയാറാക്കി.

പവലിയൻ അറ്റകുറ്റപ്പണികൾ, പാർക്ക്, ഇരിപ്പിടങ്ങൾ, ജല ടൂറിസം വിനോദ പദ്ധതികൾ തുടങ്ങിയവയാണ് കായൽ തീരത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കായൽ പ്രദേശം ഇതുവരെ ഡിടിപിസിയുടെ കൈവശമായിരുന്നു. നഗരസഭയ്ക്ക് നേരിട്ട് പദ്ധതി നടപ്പാക്കുന്നതിലും ഇടപെടലുന്നതിനും പരിമിതികളുണ്ടായിരുന്നു. വർഷങ്ങളായി ഈ  ഭാഗത്തെ തൂക്കുപാലം തകർച്ചയിലാണ്. അപകടാവസ്ഥയിലായതിനാൽ പാലം അടച്ചിട്ടിരിക്കുകയാണ്. മാറഞ്ചേരി പഞ്ചായത്തിലെയും പൊന്നാനി നഗരസഭയിലെയും യാത്രക്കാർ ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് ആശ്രയിക്കുന്ന പ്രധാന പാലമാണിത്.

അപകടാവസ്ഥയിലായിട്ടും നിവൃത്തിയില്ലാതെ മുന്നറിയിപ്പുകൾ മറികടന്ന് പലരും പാലത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്. നാട്ടുകാർ നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും ഡിടിപിസി നടപടി സ്വീകരിച്ചിരുന്നില്ല. പാലം അറ്റകുറ്റപ്പണികൾ തങ്ങളുടെ ബാധ്യതയല്ലെന്നായിരുന്നു വാദം. നഗരസഭയാണ് ചെയ്യേണ്ടതെന്നാണ് ഡിടിപിസി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. കായൽ ടൂറിസം പ്രദേശം നഗരസഭയ്ക്ക് കൈമാറിയാൽ അറ്റകുറ്റപ്പണികൾ നടത്താമെന്ന് നഗരസഭയും നിലപാടെടുത്തു. തുടർന്നാണ് നഗരസഭയ്ക്ക് കായൽ ടൂറിസം പ്രദേശം വിട്ടുനൽകാൻ തീരുമാനിച്ചിരുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *