ചങ്ങരംകുളം : പാഴ്‍വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഐആർടിസി ഹരിതസഹായ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിൽ പാഴ്‌പുതുക്കം പദ്ധതിക്ക് തുടക്കംകുറിച്ചു. പഞ്ചായത്തുതല തുടക്കം മൂക്കുതല ജിഎൽപി സ്കൂളിൽ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ പ്രഥമാധ്യാപിക ഗീതയ്ക്ക് തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. പ്രവീൺ അധ്യക്ഷനായി.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ രാഖി രമേശ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുരളി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മുസ്തഫ ചാലുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. പരിസ്ഥിതി സൗഹൃദസന്ദേശം നന്നംമുക്ക് പഞ്ചായത്ത് ഐആർടിസി കോഡിനേറ്റർ അഷീജ വിവരിച്ചു. വാർഡംഗങ്ങൾ, സ്കൂൾ അധ്യാപകർ, ഹരിതകർമ്മസേനാംഗങ്ങൾ, രക്ഷിതാക്കൾ, പിടിഎ പ്രസിഡന്റ് രഘു തുടങ്ങിയവർ നേതൃത്വംനൽകി. പാഴ് തുണിയിൽനിന്ന് കുട്ടികൾ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ നിർമ്മിച്ച 1,000 തുണിസഞ്ചികൾ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വിതരണംചെയ്തു.