തിരൂർ : തെളിനീരൊഴുകിയിരുന്ന തിരൂർ-പൊന്നാനി പുഴ ഇന്ന് നഷ്ടപ്രതാപത്തിലാണ്. പ്ലാസ്റ്റിക്കും മാലിന്യവും മണ്ണും നിറഞ്ഞ് ചക്രശ്വാസം വലിക്കുന്ന പുഴയുടെ ദുരവസ്ഥ കണ്ടാണ് കേരള നല്ലജീവന പ്രസ്ഥാനത്തിന്റെ പ്രവർത്തകർ പുഴയെ രക്ഷിക്കണമെന്ന സന്ദേശവുമായി തിരൂരിലെത്തിയത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള പരിസ്ഥിതി സ്നേഹി കളുടെ നേതൃത്വത്തിൽ തിരൂർ താഴേപ്പാലം ബോട്ടുജെട്ടിയിൽനിന്ന് കൂട്ടായിയിലേക്ക് ജലയാത്രയും നടത്തി. തുറന്ന വഞ്ചിയിൽ 25 പേർ യാത്രയിൽ പങ്കെടുത്തു. അടുത്ത ഞായറാഴ്ച ചാവക്കാടുനിന്ന് പൊന്നാനി വരെയും ജലയാത്ര നടത്തും.
2010 മുതലാണ് നല്ലജീവന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ജലയാത്രയ്ക്ക് തുടക്കമിട്ടത്. ജൂലായ് മാസം ജലയാത്രാ മാസമായി ആഘോഷിക്കും. ജൂലായ് ആദ്യ ഞായറാഴ്ച തിരൂരിൽനിന്ന് കൂട്ടായിവരെയും അവസാന ഞായറാഴ്ച ചാവക്കാട്ടുനിന്ന് പൊന്നാനി വരേയും ജലയാത്ര നടത്തിവരുന്നു. കേരള നല്ലജീവനപ്രസ്ഥാനം പ്രസിഡന്റ് ഡോ. പി.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ ഉണ്ണിക്കൃഷ്ണൻ മാറഞ്ചേരി, ഉഷാ രാജൻ തുഞ്ചൻപറമ്പ്, പ്രഭാകരൻ കോവളം, സജിപ്രസാദ് പറശ്ശിനിക്കടവ്, സജിത്ത് മോഹൻ പാലക്കാട്, ബുഷറ ടീച്ചർ ഞാങ്ങാട്ടിരി, ഗോപിനാഥ് തിരൂർ തുടങ്ങി ഒട്ടറെപ്പേർ പങ്കെടുത്തു. ഖദീജ നർഗീസ് യാത്ര ഉദ്ഘാടനംചെയ്തു. തിരൂർ നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. അബ്ദുൾസലാം, കെ.കെ. അബ്ദുറസാഖ് ഹാജി തിരൂർ, ഡോ. ജയ്‌ദേവ്, യൂണിവേഴ്‌സിറ്റി കൃഷ്ണൻകുട്ടി, സ്നേബി കൂത്താട്ടുകുളം എന്നിവർ പ്രസംഗിച്ചു.