പൊന്നാനി: ഫിഷിങ് ഹാർബർ പ്രദേശത്തെ ആഴം മൂന്നര മീറ്ററിലേക്ക് എത്തിക്കുന്നതിന്  ഈ  ആഴ്ച ആഴം കൂട്ടൽ പണികൾ തുടങ്ങും. അടിയന്തര ഘട്ടത്തിൽ ചെറിയ കപ്പലുകൾക്ക്  ഹാർബറിലേക്ക്  എത്താനുള്ള വഴിയൊരുക്കും. മൂന്നര മീറ്ററിലേക്ക് ആഴം ഉറപ്പാക്കിയാൽ വേലിയേറ്റ സമയത്ത് നാലര മീറ്റർ വരെ ആഴം കിട്ടും.

ഈ സമയത്ത് ചെറിയ കപ്പലുകൾക്ക് ഹാർബർ പ്രദേശത്തേക്കു പ്രവേശിക്കാവുന്നതാണ്. നിലവിൽ രണ്ടര മീറ്ററാണ് ഹാർബർ പ്രദേശത്തെ ഭാരതപ്പുഴയുടെ ആഴം. ഹാർബർ പ്രദേശത്ത് പല ഭാഗങ്ങളിലും മണൽത്തിട്ടകൾ രൂപപ്പെട്ടിരുന്നു. മീൻപിടിത്ത ബോട്ടുകൾക്ക് അപകട ഭീഷണി ഉയർത്തുന്ന ഈ തിട്ടകൾ നീക്കം ചെയ്ത് ഒരു മീറ്റർ ആഴം വർധിപ്പിക്കുകയാണു ലക്ഷ്യം.

രണ്ടര മീറ്ററിൽനിന്ന് മൂന്നര മീറ്ററിലേക്ക് ഹാർബർ പുഴയോര പ്രദേശത്തെ ആഴം എത്തിയാൽ മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമാകും. 6.37 കോടി രൂപയാണ് ആഴം കൂട്ടലിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്. പുറത്തെടുക്കുന്ന മണൽ അഴിമുഖം ഭാഗത്തേക്കു മാറ്റിയിടാനാണു നീക്കം.

മുൻപ് സമാനമായ രീതിയിൽ ആഴം കൂട്ടൽ നടപടികൾ നടന്നിരുന്നെങ്കിലും പുറത്തെടുത്ത മുപ്പതിനായിരം ടൺ മണൽ കാണാതായത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മണൽ ഹാർബർ പ്രദേശത്തുതന്നെ കൂട്ടിയിട്ടെന്നാണ് ഹാർബർ എൻജിനീയറിങ് വിഭാഗം അറിയിച്ചിരുന്നത്. എന്നാൽ, ഇൗ ഭാഗത്ത് കൂട്ടിയ മണൽ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് പോർട്ട് കൺസർവേറ്റർ  റിപ്പോർട്ട് ചെയ്തിരുന്നു. കൺസർവേറ്ററുടെ ഇൗ റിപ്പോർട്ട് ഏറെ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തു.  മണൽ കാണാതായതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *