പൊന്നാനി:ദേശീയപാത വികസിപ്പിക്കുമ്പോൾ ചമ്രവട്ടം ജങ്ഷൻ മുതൽ പള്ളപ്രംവരെയുള്ള രണ്ടരക്കിലോമീറ്റർ ദൂരത്തിൽ റോഡ് മുറിച്ചുകടക്കാൻ സംവിധാനം ഉണ്ടാക്കാത്ത ദേശീയപാത അധികൃതർക്കെതിരേ സി.പി.എം. ഈഴുവത്തിരുത്തി ലോക്കൽ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു.ചമ്രവട്ടം ജങ്ഷനിലെയും സമീപപ്രദേശങ്ങളിലെയും വാർഡുകളിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനും ശാശ്വതപരിഹാരം വേണമെന്ന് പാർട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.
തെയ്യങ്ങാട് മേഖലയിൽ അടിപ്പാത നിർമിക്കണമെന്നും ആറുമുതൽ ഒൻപതുവരെയും 21, 22 വാർഡുകളിലെയും വെള്ളക്കെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നുമാണ് ആവശ്യം. ദേശീയപാത അധികൃതരെ രേഖാമൂലം സമീപിച്ചിരുന്നതാണ്.എന്നിട്ടും നടപടിയുണ്ടാകാത്തതിനെതുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ദേശീയപാതയിൽ റോഡിന് ഇരുവശവുമുള്ള രണ്ട് എൽ.പി. സ്കൂളുകൾ, മദ്രസകൾ, നാല് ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന ആയിരക്കണക്കിന് കുട്ടികളെ ബാധിക്കുന്നതാണ് അടിപ്പാത പ്രശ്‌നം. ആറ് വാർഡുകളിലെ നിലവിലുള്ള നീരൊഴുക്ക് സംവിധാനം തടസ്സപ്പെട്ടതിനാൽ ഉണ്ടായ വെള്ളക്കെട്ടും വലിയ പ്രശ്‌നമാണ്.
ഇത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കേണ്ട സ്ഥലംഎം.പി. മൗനംപാലിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയതെന്ന് സി.പി.എം. ഈഴുവത്തിരുത്തി ലോക്കൽകമ്മിറ്റി സെക്രട്ടറി കെ. ദിവാകരൻ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *