പൊന്നാനി : ബോട്ടുടമയുടെ മരണം ഉദ്യോഗസ്ഥരുടെ മാനസിക പീഡനംമൂലമാണെന്ന ആരോപണവുമായി ബോട്ടുടമകൾ രംഗത്ത്. മത്സ്യത്തൊഴിലാളികളോടുള്ള ഉദ്യോഗസ്ഥ സമീപനത്തിൽ പ്രതിഷേധിച്ച് ധർണ നടത്തിയ ബോട്ടുടമകൾ, ബോട്ടുടമയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി.
കഴിഞ്ഞദിവസം അന്തരിച്ച ഉസ്മാൻ ബോട്ടുടമ പൊന്നാനി അഴിക്കൽ സ്വദേശി കുറിയമൊയ്തീൻ കാക്കാനകത്ത് സിദ്ദീഖിന്റെ മരണം ഉദ്യോഗസ്ഥ പീഡനംമൂലമാണെന്നാണ് ബോട്ടുടമകളുടെ ആരോപണം. ബോട്ടുടമകൾ ഡി.ഡി. ഓഫീസിലേക്ക് പ്രതിഷേധമാർച്ചും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകി.
കരവലി നടത്തുന്നുവെന്നാരോപിച്ച് സിദ്ദീഖിന്റെ ബോട്ട് കഴിഞ്ഞദിവസം ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ സിദ്ദിഖിന് കടുത്ത മാനസിക വിഷമമുണ്ടായിരുന്നൂവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള പട്രോളിങ് ബോട്ടിലെത്തിയ മറൈൻ എൻഫോഴ്‌സ്‌മെന്റിലെ പൊലീസുകാരനും സ്രാങ്കും ഉൾപ്പെടെയുള്ളവർ സിദ്ദീഖിന്റെ ബോട്ടിനെ തടഞ്ഞുവെക്കുകയും 80,000 രൂപയോളം പിഴ ചുമത്തുകയും ചെയ്തതിലുള്ള മാനസിക പ്രയാസമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.
കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ കളക്ടർ, ഫിഷറീസ് വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനുമുൻപിൽ ധർണ നടത്തുകയും പരാതി നൽകുകയും ചെയ്തു. എം.എ. ഹമീദ്, സൈഫു പൂക്കേൽ, സജാദ്, കോയ, കബീർ, ഉസ്മാൻ, സക്കീർ എന്നിവർ നേതൃത്വംനൽകി.