Breaking
Fri. Jun 19th, 2026

പൊന്നാനി: രോഗീപരിചരണത്തിലും ഒരുകൈ നോക്കാൻ കുടുംബശ്രീ. ‘കെ 4 കെയർ’ എന്ന പദ്ധതിയുടെ ഭാഗമായാണ് രോഗീപരിചരണത്തിലേക്കും കുടുംബശ്രീ കടക്കുന്നത്. വയോജന രോഗീപരിചരണ മേഖലയിലെ വിവിധ സേവനങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.

ദൈനംദിന ജീവിതത്തിൽ മറ്റൊരാളുടെ സഹായം ആവശ്യമായിവരുന്ന കുടുംബങ്ങൾക്ക് പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കുകയാണു ലക്ഷ്യം. ആദ്യഘട്ടത്തിൽ വയോജനപരിചരണം, രോഗീപരിചരണം, ഭിന്നശേഷി പരിചരണം, പ്രസവശുശ്രൂഷ തുടങ്ങിയ സേവനങ്ങളാണ് നൽകുക.

തിരഞ്ഞെടുത്ത ആയിരത്തോളം കുടുംബശ്രീ പ്രവർത്തകർക്ക് രോഗീപരിചരണമടക്കമുള്ള മേഖലകളിൽ വിദഗ്ധപരിശീലനം നൽകും. തിരുവനന്തപുരം എച്ച്.എൽ.എഫ്.പി.പി.ടി., പാലക്കാട് ആസ്‌പിറൻറ് ലേണിങ് അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലനം.ആദ്യഘട്ടത്തിൽ പരിശീലനം ലഭിക്കുന്ന 500 വനിതകൾ ‘കെ 4 കെയർ എക്സിക്യുട്ടീവുകൾ’ എന്ന പേരിൽ ഏപ്രിൽ പതിനഞ്ചിനകം പ്രവർത്തനസജ്ജരാകും.

വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരെ പരിചരിക്കുന്നതിനും കൂട്ടിരിക്കാനും എക്സിക്യുട്ടീവുകളുടെ സേവനം പ്രയോജനപ്പെടുത്താം. നിത്യജീവിതത്തിലുണ്ടാകുന്ന വിവിധ ആവശ്യങ്ങൾക്ക് മറ്റുളളവരെ ആശ്രയിക്കേണ്ടിവരുന്നവരെ സഹായിക്കുന്നതിനും വനിതകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് പദ്ധതി.

Related Post

Leave a Reply

Your email address will not be published. Required fields are marked *