പൊന്നാനി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ലീഗിന്റെ കോട്ടയായ പൊന്നാനിയിൽ ആരെ സ്ഥാനാർഥിയാക്കുമെന്ന സംശയത്തിലായിരുന്നു സിപിഐഎം . മുൻ മുസ്ലിം ലീഗ് നേതാവ് കെ.എസ് ഹംസയെ സ്ഥാനാർത്ഥിയാക്കി കൊണ്ട് പ്രഖ്യാപനം ഉണ്ടാകുന്നത് കഴിഞ്ഞ ദിവസമാണ് . ഇതോടെ മുസ്ലീം വോട്ടുകൾ കൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം . എന്നാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായി എന്ന മട്ടിലാണ് ലീഗ് മത്സരത്തെ നോക്കിക്കാണുന്നത്. സിറ്റിംഗ് എം. പി ഇ.ടി മുഹമ്മദ് ബഷീറിനെ വെല്ലുവിളിക്കാൻ തക്കോണമുള്ള ഒരു സ്ഥാനാർത്ഥിയെ പരീക്ഷിക്കാനാണ് സിപിഐഎം തീരുമാനിച്ചിരുന്നത് . ശക്തനായ എതിരാളി ആയിരിക്കണമെന്ന് സിപിഐഎമ്മിൽ അഭിപ്രായമുയർന്നിരുന്നു .
ഡി വൈ എഫ് ഐ സംസ്ഥാന അധ്യക്ഷനായ വി വസീഫിന്റെ പേര് ജില്ലാകമ്മിറ്റിയിലും ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് മുന്‍ ലീഗ് നേതാവ് കെ.എസ് ഹംസയെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചത്. ഇരു വിഭാഗം സമസ്താ നേതാക്കളുമായും അടുത്ത ബന്ധം വച്ചുപുലർത്തുന്ന കെ എസ് ഹംസ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിവരുന്നുണ്ട് . ഇതെല്ലാം വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് പാർട്ടി.
എന്നാൽ മത്സരം എളുപ്പമായി എന്ന മട്ടിലാണ് ലീഗ് മത്സരത്തെ നോക്കിക്കാണുന്നത്. ഒന്നാമത് കെ എസ് ഹംസ പൊന്നാനിയിൽ സ്വാധീനം ചെലുത്താൻ കഴിയാത്ത വ്യക്തിയാണെന്നും കുഞ്ഞാലിക്കുട്ടിയുമായി ഉണ്ടായ പടല പിണക്കം മൂലം ലീഗ് വിട്ടതിനാൽ നിലവിലെ ലീഗ് പ്രവർത്തകർക്ക് ലീഗിന്റെ ജയം ഉറപ്പാക്കാനുള്ള വീര്യം ഇതുമൂലം വർദ്ധിക്കുമെന്നും കണക്കാക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ പൊന്നാനിയിൽ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുമെന്നാണ് നിലവിലെ തീരുമാനം .

