Breaking
Fri. Jun 19th, 2026

വെളിയങ്കോട് : പുതിയ ദേശീയപാത നിർമാണം പൂർത്തികരിക്കുന്നതോടെ  കനോലി കനാലിന്റെയും കടലിന്റെയും മധ്യ ഭാഗത്തുള്ള വെളിയങ്കോട് പഞ്ചായത്തിന്റെ 9 വാർഡുകളിലുള്ളവരാണ്  ഏറെ ബുദ്ധിമുട്ടിലാകുക .

സ്വന്തം പഞ്ചായത്ത് ഓഫിസിലേക്കും വില്ലേജ് ഓഫിസിലേക്കും പോകാൻ ഏറെ ചുറ്റിക്കറങ്ങേണ്ട ഗതികേടിലാണ് തീരദേശവാസികൾ. പുതുപൊന്നാനി പാലം മുതൽ വെളിയങ്കോട് അയ്യോട്ടിച്ചിറവരെ ഉള്ള ജനങ്ങൾക്ക് പുതിയ റോഡിലേക്ക് പ്രവേശിക്കാൻ കിലോമീറ്ററോളം ചുറ്റിത്തിരിയണം. സർവീസ് റോഡിലൂടെ യാത്ര ചെയ്ത് വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാത കടന്നുവേണം പഴയകടവ്, തവളക്കുളം മേഖലയിലുള്ളവർക്ക് പുതുപൊന്നാനിയിലേക്കും പൊന്നാനിയിലേക്കും എത്തിച്ചേരാൻ. വെളിയങ്കോട് അങ്ങാടിയിലുള്ളവർക്കും ഇതേ അവസ്ഥ തന്നെ.

ദേശീയപാതയും സർവീസ് റോഡും സംഗമിക്കുന്ന തവളക്കുളത്ത് യു ടേൺ സൗകര്യമില്ലാതെ വന്നതിനാൽ ദേശീയപാതയുടെ പടിഞ്ഞാറൻ മേഖലയിലുള്ള വിദ്യാർഥികൾ 7 കിലോമീറ്ററോളം വരുന്ന പൊന്നാനിയിൽ പോയി ബസ് മാറിക്കയറി വേണം താവളക്കുളത്തെ സ്കൂളിലേക്ക് എത്താൻ. ആനകത്തെ യുപി സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾക്കും ഇത്തരത്തിൽ കറങ്ങേണ്ടി വരും. വ്യാപാര സ്ഥാപനങ്ങളെ രണ്ട് ആക്കി വെളിയങ്കോട് അങ്ങാടിയിൽ മതിൽ പാലം വന്നതോടെ വീട്ടു സാധനങ്ങൾ വാങ്ങാനും നാട്ടുകാർ കിലോമീറ്ററുകൾ താണ്ടേണ്ടി വരും. ആസൂത്രണമില്ലാതെ നിർമിച്ചതോടെ പഞ്ചായത്തിന്റെ 1, 2, 3, 13, 14, 15, 16, 17, 18 വാർഡുകളിലെ പതിനായിരക്കണക്കിനാളുകൾക്കു പുറമേ മത്സ്യത്തൊഴിലാളികളും ദുരിതം നേരിടേണ്ടിവരും.

പ്രധാന റോഡിലേക്ക് പ്രവേശിക്കാനുള്ള യു ടേൺ സംവിധാനം ഉണ്ടെങ്കിൽ മാത്രമേ വെളിയങ്കോട്ടുകാരുടെ യാത്രാ ദുരിതത്തിന് ചെറിയ പരിഹാരമാകുകയുള്ളെന്നാണ് നാട്ടുകാർ പറയുന്നത്. പാതയ്ക്കു പുറമേ റോഡിന്റെ ഇരുവശത്തും നിർമിച്ച കനാലുകളും മഴക്കാലത്ത് വില്ലനാകും. കനാലിന്റെ തുടക്കത്തിലും അവസാനിക്കുന്ന സ്ഥലത്തും പുഴയും തോടും ഇല്ലാത്തതിനാൽ മഴ പെയ്താൽ റോഡിന്റെ ഇരുവശത്തുമുള്ള വീടുകളിലേക്ക് വെള്ളം ഒഴുകി എത്തും. നാട്ടുകാരും പള്ളി കമ്മിറ്റിയും ഹൈക്കോ‍ടതിയെ സമീപിച്ചതോടെ 6 എണ്ണം അടയ്ക്കുവാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. ബാക്കിയുള്ള കാനകൾ അടയ്ക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ‍വാഹനങ്ങളുടെ പാർക്കിങ്ങും വലിയ പ്രതിസന്ധിയിലാണ്.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *