എരമംഗലം: മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ അവുണ്ടിത്തറയിൽ സ്വകാര്യ സ്‌കൂളിനായി പുതിയ കെട്ടിടം നിർമിക്കുന്നത് പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെച്ചു.
വെള്ളിയാഴ്ച നിർമാണം തുടങ്ങുന്നതിനായി ജെ.സി.ബി. ഉൾപ്പെടെയുള്ള വാഹനങ്ങളും തൊഴിലാളികളും എത്തിയതോടെ പ്രദേശവാസികളായ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടുന്നവർ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ പെരുമ്പടപ്പ് പോലീസ് ഇടപെട്ടു നിർമാണം നിർത്തിവെക്കുകയായിരുന്നു.
കെട്ടിടം നിർമിക്കുന്നത് നിയമാനുസൃതമല്ലെന്നും തങ്ങളുടെ വീടുകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്നും പറഞ്ഞായിരുന്നു ഫൗസിയ, ശാന്ത, പത്മ, മജീദ്, പ്രേമദാസ്, ആമിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ നിർമാണം നടക്കുന്നസ്ഥലത്തേക്ക് പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം കനത്തതോടെ നിർമാണം നിർത്തിവെച്ചു തൊഴിലാളികൾ മടങ്ങി.