പൊന്നാനി : ഡോക്ടറാകാൻ പഠിച്ച തന്റെ പുസ്തകങ്ങൾ പഠിച്ചിറങ്ങിയ സ്കൂൾ ലൈബ്രറിക്ക് നല്കി ഡോ. സുൽഫത്ത്. പണമില്ലാത്തതിന്റെ പേരിൽ മെഡിക്കൽ എൻട്രൻസിന് പോകാനാകാത്തവർക്ക് ഈ പുസ്തകങ്ങൾ ഉപകരിക്കും.
മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്ന് ആദ്യമായി ഡോക്ടറായ പൊന്നാനി അഴീക്കൽ സ്വദേശി സുൽഫത്ത് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പഠിച്ച പുസ്തകങ്ങളാണ് പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി ലൈബ്രറിക്ക് കൈമാറിയത്.
പഠിക്കാൻ മിടുക്കികളായ തീരദേശത്തെ പെൺകുട്ടികൾക്ക് ഉപകാരപ്പെടണമെന്ന ആഗ്രഹത്തോടെയാണ് പുസ്തകങ്ങൾ സ്‌കൂളിന് നൽകിയത്. സുൽഫത്തിന്റെ പിതാവ് അബ്ദുൽ ലത്തീഫും സഹോദരി നൂറുൽ ഫിദയും സുൽഫത്തിന്റെ ആഗ്രഹപ്രകാരം പുസ്തകങ്ങൾ സ്‌കൂളിന് കൈമാറി. സുൽഫത്ത് പ്ലസ്ടു വരെ പഠിച്ചത് പുതുപൊന്നാനി എം.ഐ. ഗേൾസിലായിരുന്നു.
ഡോക്ടർ പഠനം പൂർത്തിയാക്കിയ സുൽഫത്ത് ആദ്യമെത്തിയതും സ്കൂളിലേക്കായിരുന്നു. കൊല്ലത്തുനിന്ന് ഹൗസ് സർജൻസി പൂർത്തിയാക്കിയ ന്നുൽഫത്ത് ഇപ്പോൾ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ കെ. ആസിഫ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. അധ്യാപകരായ വി.പി. അബ്ദുൽ മനാഫ്, വി. അഷറഫ്, വി. ഷീല, ദിലി വിശ്വം, കെ.വി. സജ്‌ന എന്നിവർ പങ്കെടുത്തു.