എടപ്പാൾ : ചോക്ക് മാത്രമല്ല പെയിന്റിങ് ബ്രഷും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ അധ്യാപകർ. ബ്രഷും ബക്കറ്റുമെല്ലാം സംഘടിപ്പിച്ച് ലുങ്കി ധരിച്ച്, തലയിൽകെട്ടുമെല്ലാമായി എല്ലാവരും ഒരു മനസ്സോടെ ക്ലാസ്‌മുറികളിലിറങ്ങിയതോടെ സ്കൂളിന്റെ മുഖച്ഛായതന്നെ മാറി.
എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലാണ് സ്കൂൾ പരീക്ഷയ്ക്കുമുമ്പേ പെയിന്റടിച്ച് ഭംഗിയാക്കുന്നത്. ഹയർസെക്കൻഡറി പരീക്ഷയ്ക്ക് കുട്ടികൾ ഒരുങ്ങാൻ പോയ സമയത്തായിരുന്നു അധ്യാപകരുടെ ഈ മാതൃകാ പ്രവർത്തനം. സ്കൂൾ വരാന്തയും ക്ലാസ്‌മുറികളും സ്കൂൾ പരിസരവും ശുചിയാക്കുകയും കെട്ടിടത്തിന്റെ ചുവർ ചായം തേച്ച് മനോഹരമാക്കുകയും ചെയ്തതോടെ സ്കൂളിന് പുതുമോടിക്കൊപ്പം സാമ്പത്തികനേട്ടവുമായി. കഴിഞ്ഞ വർഷവും പൊതുപരീക്ഷയ്ക്ക് മുന്നോടിയായി അധ്യാപകർ സ്കൂൾ കെട്ടിടം ചായം തേച്ച് ഭംഗിയാക്കിയിരുന്നു.