എരമംഗലം : നൃത്തച്ചുവടുകളുമായി വോട്ടർമാരെ കൈയിലെടുത്ത് പൊന്നാനിയിലെ എൻ.ഡി.എ. സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ. പെരുമ്പടപ്പ് അയിരൂരിൽ പ്രചാരണത്തിനെത്തിയപ്പോൾ ചെണ്ടയിൽ കൊട്ടിക്കയറുകയായിരുന്നു. പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിലേക്ക് അയിരൂർ ദേശക്കാരുടെ താലം എഴുന്നള്ളിപ്പിനായി അയിരൂർ ചെമ്പ്ര സന്തോഷിന്റെ വീട്ടിൽ കൊണ്ടുവന്ന ചെണ്ടമേളം ടീമിന്റെ ചെണ്ടയിലാണ് നിവേദിത സുബ്രഹ്മണ്യൻ താളമിട്ടത്.
നന്നംമുക്ക്, ആലങ്കോട്, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിൽ വിവിധയിടങ്ങളിൽ നിവേദിത സുബ്രഹ്മണ്യൻ ബുധനാഴ്ച പര്യടനം നടത്തി. മൂക്കുതല മേലെക്കാവ് ക്ഷേത്രദർശനം കഴിഞ്ഞാണ് പര്യടനം തുടങ്ങിയത്. തുടർന്ന് കുടുംബയോഗങ്ങൾ, ക്ഷേത്രങ്ങൾ, സാമുദായികസംഘടനാ നേതാക്കൾ തുടങ്ങിയവരെ സന്ദർശിച്ചു. വോട്ടർമാരെ നേരിട്ടുകണ്ടുള്ള പ്രചാരണവും ശക്തമായിരുന്നു.
വിവിധയിടങ്ങളിലെ പ്രചാരണത്തിന് ബി.ജെ.പി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ, ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ് പ്രസാദ് പടിഞ്ഞാക്കര, ജനാർദനൻ പട്ടേരി, കെ.എ. അനീഷ്, പി. ഗോപാലകൃഷ്ണൻ, ശ്രീനി വാരനാട്ട്, സന്തോഷ് അയിരൂർ, ഉണ്ണികൃഷ്ണൻ ചേരിക്കല്ല് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.