മലപ്പുറം: ജില്ലയിലെ 3 ലോക്സഭാ മണ്ഡലങ്ങളിലെയും 3 പ്രമുഖ മുന്നണിക്കും സ്ഥാനാർഥികളായതോടെ പ്രചാരണത്തിനും ചൂടു കൂടി. കൃത്യം ഒരു മാസത്തിനപ്പുറം തിരഞ്ഞെടുപ്പ്. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസാന അവസരം ഇന്നലെ കഴിഞ്ഞതോടെ ഇനി 4ന് അവസാനിക്കുന്ന നാമനിർദേശ പത്രിക സമർപ്പണമാണ് നടപടിക്രമങ്ങളിൽ അടുത്തത്.

മലപ്പുറത്തും പൊന്നാനിയിലും നേരത്തേ സ്ഥാനാർഥികളായിരുന്നെങ്കിലും വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എത്തിയതോടെയാണ് ജില്ലയിലെ ചിത്രം തെളിഞ്ഞത്. അഖിലേന്ത്യാ നേതാക്കളായ രാഹുൽ ഗാന്ധി യുഡിഎഫിനായും ആനി രാജ എൽഡിഎഫിനായും ഏറ്റുമുട്ടുന്നതിനാൽ മണ്ഡലത്തിനിപ്പോൾ കേരളത്തിൽ താരപരിവേഷമായി.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തിയതോടെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വലിയ ഊർജമായി. ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയല്ലായിരുന്നെങ്കിലും 3 മണ്ഡലങ്ങളിലെയും എൽഡിഎഫിന്റെ സ്ഥാനാർഥികൾ എത്തിയിരുന്നു. മതസാമുദായിക സംഘടനകളടക്കം പങ്കെടുത്ത പരിപാടിയിൽ മുഖ്യമന്ത്രി ആനി രാജയുടെയും കെ.എസ്.ഹംസയുടെയും (പൊന്നാനി) വി.വസീഫിന്റെയും (മലപ്പുറം) കൈകൾ ഒന്നിച്ചു ചേർത്തുയർത്തുകയും ചെയ്തു.

മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഇന്നലെ വേങ്ങര മണ്ഡലത്തിൽ മൂന്നാം ഘട്ട പര്യടനം പൂർത്തിയാക്കി. കുടുംബസംഗമംങ്ങൾ, വനിതാ സംഗമങ്ങൾ, വിദ്യാഭ്യാസ സ്ഥാപന സന്ദർങ്ങൾ എന്നിവയായിരുന്നു മറ്റു പരിപാടികൾ. മാനവ സൗഹൃദ സംഗമങ്ങൾ, കോളജ് സന്ദർശനങ്ങൾ തുടങ്ങിയവയായിരുന്നു പൊന്നാനി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിയുടെ ഇന്നലത്തെ പ്രചാരണ പരിപാടികൾ.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *