പൊന്നാനി : കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകനായി തുടങ്ങിയ മലപ്പുറത്തിന്റെ ജനകീയ നേതാവ് മുൻ മന്ത്രി ഇ.കെ. ഇമ്പിച്ചിബാവ ഓർമ്മയായിട്ട് ഏപ്രിൽ 11-ന് 29 വർഷം. പ്രിയ സഖാവിന്റെ മരിക്കാത്ത ഓർമ്മകളുമായി കഴിയുകയാണ് അദ്ദേഹത്തിന്‍റെ സന്തതസഹചാരിയായിരുന്ന ഈശ്വരമംഗലം ആമ്പിലവളപ്പിൽ ശിവാനന്ദൻ.
1995-ൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ചണ്ഡീഗഢിൽനിന്ന് തിരികെവരുമ്പോഴാണ് ഇമ്പിച്ചിബാവയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അന്നും ശിവാനന്ദൻ കൂടെയുണ്ടായിരുന്നു.
പാർട്ടി കോൺഗ്രസ് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ പൊന്നാനിയിൽ ഫിഷിങ് ഹാർബർ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് കേന്ദ്രമന്ത്രി പി.എം. സെയ്തിനെ കാണാനാണ് അദ്ദേഹം ഡൽഹിയിലിറങ്ങിയത്. സി.പി.എം. എം.പി. രാമ റേയുടെ വസതിയിലിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇമ്പിച്ചിബാവയെ ഉടൻതന്നെ രാംമനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുദിവസത്തിനകം മരിച്ചു.
പാർട്ടി കോൺഗ്രസ് കഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന അച്യുതാനന്ദനും നായനാരും സുർജിത്തും സുശീലാ ഗോപാലനും അടക്കമുള്ള നേതാക്കളും അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയടക്കമുള്ള കോൺഗ്രസ് നേതാക്കളും അന്ന് ആശുപത്രിയിൽ വന്നിരുന്നുവെന്ന് ശിവാനന്ദൻ പറഞ്ഞു.