പൊന്നാനി : മോദി അധികാരത്തിലെത്തിയതോടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചുപറി ഡയറക്ടറേറ്റായി മാറിയെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. എൽ.ഡി.എഫ്. ഈഴുവത്തിരുത്തി, ചെറുവായ്ക്കര മേഖലാ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ കൊള്ളയാണ് ഇലക്‌ടറൽ ബോണ്ടിലൂടെ ബി.ജെ.പി.യും കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രിയ പാർട്ടികളും നടത്തിയത്.
പതിനേഴായിരം കോടിയോളമാണ് ബി.ജെ.പി. വിവിധ കമ്പനികളിൽനിന്ന് തട്ടിപ്പറിച്ചത്. ബി.ജെ.പി.ക്ക് പണമുണ്ടാക്കുന്ന ഉപകരണമായി ഇ.ഡി. മാറിയെന്നും അദ്ദേഹം പറഞ്ഞു. പി. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. പി. നന്ദകുമാർ എം.എൽ.എ., വി.പി. സാനു, പ്രൊഫ. എം.എം. നാരായണൻ, സി.പി. മുഹമ്മദ് കുഞ്ഞി, കെ. ബാബു, എ. അബ്ദുറഹ്‌മാൻ, കെ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.