പൊന്നാനി : നഗരസഭയുടെ വിവിധയിടങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച് നിയമലംഘകരെ വെളിച്ചത്തുകൊണ്ടുവരാനൊരുങ്ങി നഗരസഭ. നഗരപരിധിയിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചുതുടങ്ങി.
വാഹനാപകടം കുറയ്ക്കുന്നതിനും മോഷ്ടാക്കളെ കുടുക്കുന്നതിനും പൂവാലശല്യം തടയുന്നതിനും മാലിന്യനിക്ഷേപം കണ്ടെത്തുന്നതിനുമാണ് പ്രധാന കവലകൾ കേന്ദ്രീകരിച്ച് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നത്.
പൊന്നാനി നഗരസഭയും പൊന്നാനി പോലീസും സംയുക്തമായാണ് പ്രവർത്തനം നിയന്ത്രിക്കുക. മാലിന്യം ഏറെ തള്ളുന്ന പൊന്നാനി കടൽത്തീരം, എം.എൽ.എ. റോഡ്, കർമ എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 ഇടങ്ങളിലാണ് രണ്ടു ഘട്ടങ്ങളിലായി ക്യാമറകൾ സ്ഥാപിക്കുക. 15 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടത്തിൽ എട്ടു ലക്ഷം രൂപ ചെലവിൽ 19 ഇടങ്ങളിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
നഗരസഭയുടെ പ്രധാന കവലകളും മാലിന്യം തള്ളുന്ന ഇടങ്ങളും കേന്ദ്രീകരിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നവർ ക്യാമറയിൽ പതിഞ്ഞാൽ കനത്ത പിഴ ഈടാക്കാനാണ് തീരുമാനം.
30 ക്യാമറകൾ വിവിധയിടങ്ങളിലായി സ്ഥാപിക്കും. നഗരത്തെ സുരക്ഷിതമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്