എടപ്പാൾ : ചെറിയൊരിടവേളയ്ക്കുശേഷം എടപ്പാളിൽ വീണ്ടും അപകടങ്ങൾ പതിവായി. തൃശ്ശൂർ-കുറ്റിപ്പുറം പാതയിലും അനുബന്ധ റോഡുകളിലുമായി അടുത്തയിടെ പൊലിഞ്ഞത് ഒട്ടേറെ മനുഷ്യജീവനുകൾ. മാരകമായി പരിക്കേറ്റവർ ധാരാളം. മാസങ്ങളായി ചികിത്സയിൽ കഴിയുന്നവർ എത്രയോ പേർ.

അണ്ണക്കമ്പാട് സെന്ററിൽ ബൈക്കും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് എറവക്കാട് സ്വദേശിയായ നിധിൻ (30) മരിച്ചതാണ് ഒടുവിലത്തെ സംഭവം. തുയ്യത്തെ ബസ് കണ്ടക്ടർ ഷിജു (40) മാങ്ങ എടുത്തുവരുമ്പോൾ ഓട്ടോറിക്ഷയിടിച്ച് മരിച്ചതും ഇരുചക്രവാഹനത്തിലേക്ക് ഇന്ധനം വാങ്ങാൻ പോകുകയായിരുന്ന അയിലക്കാട് സ്വദേശി അഹമ്മദ് (55) കാറിടിച്ച് മരിച്ചതും അടുത്തിടെയാണ്.

എടപ്പാൾ കെ.എസ്.എഫ്.ഇ.യിലെ കളക്ഷൻ ഏജന്റായിരുന്ന ശ്രീധരൻ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കഴിഞ്ഞ മാസമാണ്. എടപ്പാൾ മേൽപ്പാലത്തിൽ കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം, പാലക്കാട് സ്വദേശികളായ രണ്ടുപേരും മരിച്ചിട്ട് അധികനാളായില്ല. അതിനുമുൻപും മേൽപ്പാലത്തിൽ അപകടമുണ്ടായിരുന്നു. എന്താണ് അപകടകാരണമെന്ന് പരിശോധിക്കാനോ തടയാനോ നടപടിയുണ്ടായില്ല. ഉണ്ടായിരുന്ന തെരുവുവിളക്കുകൾ പോലും കത്താതാവുകയും ചെയ്തു. ചങ്ങരംകുളം മുതൽ വളയംകുളം വരെയുള്ള രണ്ടു കിലോമീറ്ററിനിടയിൽ ഉണ്ടായിട്ടുള്ള അപകടങ്ങൾക്ക് കണക്കില്ല.

ഇവിടെ ഇത്രയധികം അപകടങ്ങളുണ്ടാകുന്നതിന് പ്രധാന കാരണം അമിതവേഗവും അശ്രദ്ധയുമാണ്. മാന്തടം, പന്താവൂർ പാലം, കാളാച്ചാൽ വളവ്, കാലടിത്തറ, നടുവട്ടം കണ്ണഞ്ചിറ വളവ്, സബ് സ്റ്റേഷൻ, കണ്ടനകം, നടക്കാവ്, മാണൂർ തുടങ്ങി ഈ പാതയിലെ അപകടമേഖലകൾ ഏറെയാണ്. കയറ്റിറക്കങ്ങൾ, വളവുകൾ, മുന്നറിയിപ്പ് സംവിധാനങ്ങളുടെയും വേഗനിയന്ത്രണങ്ങളുടെയും കുറവ് എന്നിവയെല്ലാമാണ് അപകടകാരണമാകുന്നത്.

പാതയിൽ ഡിവൈഡറുകളും റിഫ്ളക്ടർ ലൈറ്റുകളും മുന്നറിയിപ്പുബോർഡുകളും ഉണ്ടായിരുന്നതാണ്. കണ്ണഞ്ചിറ, കാലടിത്തറ, നടക്കാവ് തുടങ്ങി പല മേഖലകളിലും റോഡ് ഡിവൈഡറുകളുണ്ടായിരുന്നു.

വേഗം നിയന്ത്രിക്കാനുള്ള പരിശോധനകളും വ്യാപകമായിരുന്നു. ഇത്തരം നിയന്ത്രണങ്ങളെല്ലാം പിന്നീട് എടുത്തുമാറ്റുകയോ നശിക്കുകയോ ചെയ്തു. ചിയാന്നൂർ പാടത്ത് ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ സ്ഥാപിച്ച പഞ്ചിങ് സ്റ്റേഷൻ കാടുപിടിച്ചുകിടക്കുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *