പൊന്നാനി : കൂടപ്പിറപ്പുകളായി കൂടെയുണ്ടായിരുന്ന അബ്ദുസലാമിന്റെയും അബ്ദുൽഗഫൂറിന്റെയും ജീവനെടുത്ത കടൽദുരന്തത്തിന്റെ ഞെട്ടലൊഴിയാതെ പൊന്നാനി ഇമ്പിച്ചിബാവ സ്‌മാരക ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് മജീദും സുഹൃത്തുക്കളും.
വലനിറയെ മീൻ കിട്ടിയതിന്റെ സന്തോഷത്തിൽ ബോട്ടിൽ മീനുകൾ തരംതിരിക്കുന്നതിനിടെയാണ് ദുരന്തവുമായി ചരക്കുകപ്പലെത്തിയത്. മരണത്തെ മുഖാമുഖംകണ്ട് ജീവിതത്തിലേക്ക് തിരിച്ചുകയറി ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന കുഞ്ഞുമരയ്ക്കാരകത്ത് മജീദ്, വെളിയിൽ അയ്യൂബ്, ബാദുഷ, എ.കെ. മൻസൂർ എന്നിവർക്ക് കപ്പൽ ബോട്ടിലിടിച്ചതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല.
ഉറങ്ങാൻ കണ്ണടച്ചാൽ കാണുന്നത് അബ്ദുസലാമിന്റെയും അബ്ദുൽഗഫൂറിന്റെയും ജീവനുവേണ്ടിയുള്ള നിലവിളിയാണ്. മജീദ് പലവട്ടം ഉറക്കത്തിൽനിന്ന് ഞെട്ടിയുണരുന്നതായി സഹോദരി റഹ്‌മത്ത് പറഞ്ഞു. 15 വർഷമായി വാടകവീട്ടിൽ കഴിയുകയാണ് മജീദും കുടുംബവും.
ബാദുഷയും വീട് പണയത്തിന് എടുത്താണ് താമസം. ചികിത്സയിൽക്കഴിയുന്ന നാലുപേരിൽ അയ്യൂബിനും മജീദിനും ഗുരുതരമായ പരിക്കുകളുണ്ട്. മജീദിന്റെ വലതു കൈയിന്റെ തോൾഭാഗം മുതൽ മുട്ടുവരെ തൊലി പൂർണമായും അടർന്നുപോയി.
അയൂബിന്റെ മൂക്കിന് ബോട്ടിന്റെ പൊളിഞ്ഞ ഭാഗം തട്ടി വലിയ മുറിവു പറ്റിയിട്ടുണ്ട്. രണ്ടുദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരും.
കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.