എരമംഗലം: സി.പി.ഐ.യുടെ രാജ്യസഭാസ്ഥാനാർഥിയായി പി.പി. സുനീർ മത്സരിക്കുന്നതിലൂടെ ഇ.കെ. ഇമ്പിച്ചിബാവയുടെ പിൻഗാമിയാവുകയാണ് അദ്ദേഹം. 1951-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്പിച്ചിബാവ മദിരാശി നിയോജകമണ്ഡലത്തിൽനിന്നാണ് രാജ്യസഭയിലെത്തിയത്. 1954 വരെ തുടർന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിലകൊണ്ടു. അതിനുശേഷം സി.പി.ഐ.യുടെ വിലാസത്തിൽ രാജ്യസഭയിലേക്കെത്തുന്ന പൊന്നാനിക്കാരനാണ് പരിച്ചകം സ്വദേശി പണിക്കവീട്ടിൽ പയ്യപ്പുള്ളി കുടുംബാംഗമായ മടയംപറമ്പിൽ പി.പി. സുനീർ.
മലബാറിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ച കൊളാടി തറവാടിനൊപ്പം എടുത്തുപറയേണ്ട തറവാടാണ് സുനീറിന്റെ പണിക്കവീട്ടിൽ പയ്യപ്പുള്ളി. 1990-കളിൽ കേരളവർമ കോളേജിൽനിന്നാണ് സുനീർ വിദ്യാർഥിരാഷ്‌ട്രീയം തുടങ്ങുന്നത്. സി.പി.ഐ. മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് അംഗം, ജില്ലാ അസി. സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, സംസ്ഥാന അസി. സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം തുടങ്ങിയ പദവികളിൽ വരെയെത്തി.
നിലവിൽ കേരള ഭവനനിർമാണ ബോർഡ് ചെയർമാനാണ്. 2005-10 കാലയളവിൽ മാറഞ്ചേരി ഡിവിഷനിൽനിന്ന് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് ജില്ലാ പഞ്ചായത്തംഗമായി. 1999-ൽ മുസ്‌ലിംലീഗിലെ ജി.എം. ബനാത്ത് വാല, 2004-ൽ ഇ. അഹമ്മദ് എന്നിവർക്കെതിരേ പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചു. 2019 -ൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരേയും മത്സരിച്ചു.
56-കാരനായ സുനീർ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ ഷാഹിന എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു അധ്യാപികയാണ്. ഇപ്പോൾ ഡെപ്യൂട്ടി സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയാണ്. മക്കൾ: ഡോ. റിയാന എം. സുനീർ, ലിയാന എം. സുനീർ (ബെംഗളൂരു ക്രൈസ്റ്റ് കോളേജ് ബികോം അവസാന വർഷ വിദ്യാർഥി), സൻജിത് എം. സുനീർ (തിരുവനന്തപുരം മുക്കോലക്കൽ സെയ്ന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥി).
റിട്ട. അധ്യാപകനായ പി.പി. അബൂബക്കറാണ് പിതാവ്. മാതാവ്: പി.എൻ. ആയിഷാബി.