വെളിയങ്കോട്: വെളിയങ്കോട് തീരദേശ മേഖലയിലെ വെള്ളക്കെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒഴിവാക്കി തുടങ്ങി. ദിവസങ്ങളായി പെയ്ത മഴയിൽ പഞ്ചായത്തിലെ നമ്പിത്തോട്, പാടത്തകായിൽ, കാട്ടിലവളപ്പിൽ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ദുർഗന്ധം വമിച്ചിരുന്നു. തുടർന്നാണ് ഇടത്തോടുകൾ നവീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നത്.
പഞ്ചായത്തിലെ 14, 15, 16, 17 വാർഡുകളെ ബാധിക്കുന്ന വെള്ളക്കെട്ടാണ് മണ്ണുമാന്തി ഉപയോഗിച്ച് തോടുകൾ ആഴവും വീതിയും കൂട്ടി കടലിലേക്ക് ഒഴുക്കുന്നത്. പാടങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം തോടുകൾ വഴിയാണ് കടലിലേക്ക് എത്തുന്നതെങ്കിലും തോടുകളിൽ ഒഴുക്ക് തടസ്സപ്പെട്ടതു കാരണം വെള്ളക്കെട്ട് കൂടാൻ കാരണമായി. പായലും മാലിന്യവും നിറഞ്ഞ് കെട്ടിക്കിടന്നതോടെ വെള്ളം കറുത്ത നിറമാകുകയും ദുർഗന്ധം ഉണ്ടാകുകയും ചെയ്തു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പഞ്ചായത്ത് നടപടി ആരംഭിച്ചത്.