പൊന്നാനി: അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ കവർന്ന സംഭവത്തിൽ പ്രതിയിലേക്കെത്താനാകാതെ പൊലീസ്. രണ്ടാം തവണയും പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ മാസം പുറത്തിറക്കിയ അതേ ദൃശ്യങ്ങളാണ് പൊലീസ് വീണ്ടും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പങ്കുവച്ചിരിക്കുന്നത്. പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപത്തെ വീട്ടിലാണ് 2 മാസം മുൻപ് മോഷണം നടന്നത്. അടച്ചിട്ട വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തു കയറിയാണ് വൻ കവർച്ച നടത്തിയത്. വീട്ടിലുണ്ടായിരുന്ന മുന്തിയ ഇനം മദ്യക്കുപ്പികളും കൊണ്ടുപോയി.
സംഭവത്തിൽ തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് തൊട്ടടുത്ത ദിവസംതന്നെ അന്വേഷണം തുടങ്ങിയത്. പരിസര പ്രദേശങ്ങളിലെ നൂറോളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പ്രദേശത്തെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടന്നു. നൂറോളം മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. പതിവുമോഷ്ടാക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിൽ നിന്നൊന്നും പൊലീസിന് പ്രതിയിലേക്കെത്താനുള്ള തുമ്പ് ലഭിച്ചില്ല.
തുടർന്നാണ് പഴയ സിസിടിവി ദൃശ്യങ്ങൾ വീണ്ടും ജനങ്ങളിലേക്കെത്തിച്ച് പ്രതിയിലേക്കെത്താനുള്ള വഴികൾ തിരയുന്നത്. ഒന്നിലധികം പേർ സംഭവത്തിനു പിന്നിലുണ്ടെന്നും മോഷ്ടാവ് പൊന്നാനി–എടപ്പാൾ റോഡിൽനിന്ന് നടന്നാണ് വീട്ടിലേക്ക് എത്തിയതെന്നുമുള്ള വിവരങ്ങളുണ്ട്. തൊട്ടടുത്തുള്ള വീടിനു മുൻപിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇതുവരെ പ്രധാന തെളിവായി പൊലീസിന് ലഭിച്ചിരിക്കുന്നത്.