മറയൂർ: കർഷകർക്ക് ആശ്വാസമായി, കാന്തല്ലൂരിൽ നട്ട വെളുത്തുള്ളി വിത്ത് മുളച്ചു. ഒരുമാസം മുൻപാണ് വിത്ത് നട്ടത്. സാധരണഗതി ഒരുമാസത്തിനുള്ളിൽ മുളയ്ക്കേണ്ടതാണ്. കനത്തവേനലും തുടർന്നുണ്ടായ മഴയുടെ ദുരിതപ്പെയ്ത്തും കാരണം വിത്ത് മുളച്ചില്ല. ഇതോടെ കർഷകർ ആശങ്കയിലായിരുന്നു. വായ്പയെടുത്താണ് പലരും വിത്തിറക്കിയത്. ഇത്തവണ വിത്ത് മുളയ്ക്കില്ലെന്ന് ഭയന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മുളച്ച് പൊന്തുകയായിരുന്നു.
ഭൗമസൂചികാ പദവിയുണ്ടെങ്കിലും കേരളത്തിലെ വിപണികളിൽ വെളുത്തുള്ളി എത്താറില്ല. സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പും സംഭരിക്കാറില്ല. എന്നാൽ, തമിഴ്നാട്ടിലെ വടുകുപെട്ടി, മേട്ടുപാളയം വെളുത്തുള്ളി വിപണികളിൽ കാന്തല്ലൂർ വെളുത്തുള്ളിക്ക് ആവശ്യക്കാരേറെയാണ്. കാന്തല്ലൂരിലെ ശീതകാലപച്ചക്കറി കർഷകരിൽ ഭൂരിഭാഗം കർഷകരും ഇത്തവണ വെളുത്തുള്ളി കൃഷിയാണുചെയ്തത്. ആശ്വാസവിലയും വിപണിയും ഉള്ളതിനാലാണ് കാരറ്റ്, കാബേജ്, വിവിധയിനം ബീൻസുകൾ എന്നിവ ഒഴിവാക്കി കർഷകർ വെളുത്തുള്ളി കൃഷിയിലേക്ക് തിരിഞ്ഞത്.
എന്നാൽ, കാലാവസ്ഥാവ്യതിയാനംമൂലം ഏറെ ബുദ്ധിമുട്ടിലായി. ഇതിനിടയിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യവും തുടർക്കഥയായി മാറി. ഇതെല്ലാം പ്രതിരോധിച്ച് വെളുത്തുള്ളി വിത്തുകൾ തഴച്ച് മുളച്ചതിന്റെ സന്തോഷത്തിലാണ് കർഷകർ. കഴിഞ്ഞ സീസണിൽ 400 രൂപവരെ ഒരുകിലോ വെളുത്തുള്ളിക്ക് ലഭിച്ചിരുന്നു.