വെളിയങ്കോട്: ശക്തമായ കടലാക്രമണത്തിൽ വെളിയങ്കോട്ടും പാലപ്പെട്ടിയിലും 50 വീടുകളിൽ വെള്ളം കയറി. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം. വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി, തണ്ണിത്തുറ മേഖലകളിൽ 40 വീടുകളിലും പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മേർ നഗർ, ബീച്ച് മേഖലകളിലെ 10 വീടുകളിലുമാണു വെള്ളം കയറിയത്.
പത്തുമുറിയിൽ 150 മീറ്റർ ദൂരത്തേക്ക് കടലാക്രമണത്തിൽ വെള്ളം ഒഴുകിയെത്തി. കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളിലാണു തിരമാലകൾ കയറിയത്. പാലപ്പെട്ടിയിൽനിന്ന് അജ്മേർനഗറിലേക്കുള്ള പഞ്ചായത്ത് റോഡ് ഭാഗികമായി കടൽ എടുത്തു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളോടു മാറിത്താമസിക്കാൻ റവന്യു, പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. വെള്ളക്കെട്ടുള്ള 10 കുടുംബങ്ങൾ ബന്ധുവീട്ടിലേക്കു താമസം മാറി.
പൊന്നാനി മേഖലയിൽ മുപ്പതോളം വീടുകളിലേക്കു വെള്ളം കയറി. 5 വീടുകൾ തകർച്ചാഭീഷണിയിൽ. പുതുപൊന്നാനി മുതൽ അലിയാർ പള്ളി വരെയുള്ള ഭാഗങ്ങളിൽ ഇന്നലെ ഉച്ചയോടെയാണു ശക്തമായ തിരയടിയുണ്ടായത്. വീടുകൾക്കു മുൻപിൽ കടൽജലം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്. മുറിഞ്ഞഴി, ഹിളർ പള്ളിക്കു സമീപം, എംഇഎസ് കോളജിനു പിൻവശം തുടങ്ങി വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു. വെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ സൗകര്യമൊരുക്കിയിട്ടില്ല. നേരത്തേ സമാനമായ പ്രശ്നം നേരിട്ടപ്പോൾ നഗരസഭ മുൻകയ്യെടുത്തു ചാല് കീറി വെള്ളം ഒഴുക്കിവിട്ടിരുന്നു. നിലവിൽ തീരത്തെ മിക്ക വീടുകളും കടലാക്രമണ ഭീഷണിയിലാണ്.