പൊന്നാനി: പുലിമുട്ട് അറ്റകുറ്റപ്പണികൾക്കായി 17 കോടി രൂപയുടെ പദ്ധതി ടെൻഡർ നടപടികളിലേക്ക്. പൊന്നാനി–പടിഞ്ഞാറേക്കര ഭാഗങ്ങളിലെ പുലിമുട്ടുകൾ നവീകരിക്കും. പടിഞ്ഞാറേക്കര ഭാഗത്ത് തകരാറിലായി കിടക്കുന്ന 50 മീറ്റർ ഭാഗം പൂർണമായി പുനർനിർമിക്കും. പൊന്നാനി ഭാഗത്തും തകർച്ചയുള്ള ഭാഗം പുതുക്കിപ്പണിയാൻ തീരുമാനിച്ചിട്ടുണ്ട്. ‌ഇരുഭാഗത്തെയും പുലുമുട്ടുകൾ നവീകരിക്കുന്നതിനായി വൻ പദ്ധതിയാണ് നടപ്പാക്കുന്നത്. നബാർഡാണ് പദ്ധതിക്കായി തുക അനുവദിച്ചത്.

ഒന്നര പതിറ്റാണ്ടോളം പഴക്കമുള്ള ഫിഷിങ് ഹാർബർ നവീകരിക്കുന്നതിനോടൊപ്പമാണ് പുലിമുട്ട് നവീകരണം യാഥാർഥ്യമാക്കുന്നത്.  ടെൻഡർ നടപടികൾ കഴിഞ്ഞാൽ 2 മാസത്തിനകം നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പുലിമുട്ടിന്റെ നീളം വർധിപ്പിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പൊന്നാനിയിൽ നിലവിൽ ഇരുനൂറോളം ബോട്ടുകളും ആയിരത്തിലധികം വള്ളങ്ങളുമുണ്ട്. ഇവയെല്ലാം പൊന്നാനി ഹാർബറിനെയാണ് ആശ്രയിക്കുന്നത്.

ബോട്ടുകൾക്ക് മണൽത്തിട്ട ഭീഷണിയാകുന്നതിനു പരിഹാരമായി ആഴം കൂട്ടൽ നടപടികളും ഹാർബർ പ്രദേശത്തു നടന്നുവരികയാണ്. പുലിമുട്ടിന്റെ നീളം കൂട്ടിയാൽ കൂടുതൽ ആഴം ലഭിക്കുമെന്നും ബോട്ട് യാത്ര സുഗമമാകുമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പുലിമുട്ടിന്റെ നീളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബോട്ടുടമകളും മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികളും കലക്ടർക്ക് നിവേദനം നൽകി. പി.നന്ദകുമാർ എംഎൽഎയുടെ സാന്നിധ്യത്തിലാണ് മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ എ.കെ.ജബ്ബാർ, പി.സക്കീർ, സജാദ് എന്നിവർ നിവേദനം നൽകിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *