എടപ്പാൾ : കണ്ടനകം കെഎസ്ആർടിസി പണിശാല നവീകരണം ഉടൻ പൂർത്തിയാക്കണമെന്നും ഡിഎ കുടിശ്ശിക അനുവദിക്കണമെന്നും കെഎസ്ആർടിഇഎ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഒരു കോടി രൂപ സർക്കാർ ധനസഹായം ഉപയോഗിച്ച് നടത്തുന്ന നവീകരണപ്രവർത്തനങ്ങൾ രണ്ടു വർഷമായിട്ടും പൂർത്തിയായിട്ടില്ല. ഇതുമൂലം പണിശാലയ്ക്കുള്ളിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയും ജീവനക്കാർ അപകടാവസ്ഥയിൽ ജോലിചെയ്യേണ്ട സാഹചര്യവുമാണ്. ഉടൻ പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.2021-ലെ ശമ്പള പരിഷ്കരണ ത്തിനുശേഷം നാളിതുവരെ ഒരു ശതമാനം ഡിഎ പോലും കെഎസ്ആർടിസി ജീവനക്കാർക്ക് അനുവദിച്ചിട്ടില്ലെന്നും ആരോപിച്ചു. സമ്മേളനം സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. എം.ബി. ഫൈസൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.എസ്. മഹേഷ്, എൻ.കെ. അബ്ദുൾ റൗഫ്, പി.കെ. ഗിരീഷ്, കെ. സന്തോഷ്, ജില്ലാ സെക്രട്ടറി പി.കെ. കൈരളിദാസ്, ട്രഷറർ കെ.ആർ. രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ജയ്സൺ വി. ജോൺ (പ്രസി.), എൻ.കെ. അബ്ദുൾ റൗഫ് (സെക്ര.).