പൊന്നാനി: പൊന്നാനി അങ്ങാടിയില്‍ കടയുടമയെ മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസിലെ പ്രതിയുമായി പൊന്നാനി പൊലീസ് തെളിവെടുപ്പ് നടത്തി. മര്‍ദ്ദനത്തില്‍ കടയുടമയുടെ തുടയെല്ലിന് സാരമായി പരിക്കേറ്റിരുന്നു കഴിഞ്ഞ മാസം 27 ന് പൊന്നാനി അങ്ങാടിയിലെ ബെഡ് എംപോറിയം കടയുടമ നാസറിനെ മര്‍ദ്ദിച്ച കേസില്‍ റിമാന്റിലായിരുന്ന പ്രതി അഴീക്കല്‍ സ്വദേശി പൊക്കിന്റകത്ത് മുഖ്താറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
27 ന് മദ്യപിച്ചെത്തിയ മുഖ്താര്‍ നാസറിനോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് പ്രതി കടയുടമയെ മര്‍ദ്ദിച്ച് നാസറിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയുമായി കടന്ന് കളയുകയും ചെയ്തു. അക്രമത്തില്‍ തുടയെല്ല് പൊട്ടിയ നാസറിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാള്‍ കോടതിയില്‍ ഹാജരാവുകയും റിമാന്റിലാവുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്.