പൊന്നാനി (മലപ്പുറം): പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഓണവിപണി കീഴടക്കാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ പൂക്കളെത്തിക്കുന്നതിനായി ‘നിറപ്പൊലിമ’യും വിഷരഹിത പച്ചക്കറികൾക്കായി ‘ഓണക്കനി’യുമാണ് ഇത്തവണ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികൾ. വിഷമില്ലാത്ത പച്ചക്കറികളും പൂക്കളത്തിലേക്കുള്ള പൂക്കളും സ്വന്തം നാട്ടിൽ ഉത്പാദിപ്പിക്കുന്നതിലൂടെ കുടുംബശ്രീയുടെ കീഴിലുള്ള കർഷകവനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവ സംസ്ഥാനത്ത് കുറഞ്ഞത് ആയിരം ഏക്കറിലെങ്കിലും കൃഷിചെയ്യാൻ ഉദ്ദേശിച്ചാണ് ‘നിറപ്പൊലിമ’ വിഭാവനംചെയ്തിട്ടുള്ളത്. കർഷകർക്ക് ഉത്പാദനം വർധിപ്പിക്കാൻ കൃഷിവകുപ്പിന്റെ സാങ്കേതികസഹായമടക്കമുള്ള പിന്തുണ കുടുംബശ്രീ മുഖേന ലഭ്യമാക്കുന്നുണ്ട്. പരമാവധി വിപണനമാർഗങ്ങളും സജ്ജമാക്കും. നിലവിൽ 3350 കർഷകസംഘങ്ങൾ 1250 ഏക്കറിൽ പൂക്കൃഷി ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട ആദായം ലഭിക്കുന്നതിനാൽ വരുംവർഷങ്ങളിൽ ഈ മേഖലയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാനും പൂക്കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കുടുംബശ്രീ ഉദ്ദേശിക്കുന്നുണ്ട്.

ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതോടൊപ്പം വിഷമുക്ത പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കുകയെന്നതും ലക്ഷ്യമിട്ടാണ് ‘ഓണക്കനി’ തീവ്ര കാർഷികപദ്ധതി നടപ്പാക്കുന്നത്. ‘ഓണക്കനി’ എന്നാണു പേരെങ്കിലും തുടർപദ്ധതിയാണിത്. 2500 ഹെക്ടർ സ്ഥലത്ത് പയർ, പാവൽ, വെണ്ടയ്ക്ക, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മാങ്ങ, മുളക് എന്നിവ കൃഷിചെയ്യും. നിലവിൽ കുടുംബശ്രീയുടെ കീഴിൽ 11,298 കർഷകസംഘങ്ങൾ 2000 ഹെക്ടറിൽ വിവിധയിനം പച്ചക്കറികൾ കൃഷിചെയ്യുന്നുണ്ട്.

തീവ്ര കാർഷികപദ്ധതിയിലൂടെ ഈ വർഷം 20,000 പേർക്കും പൂക്കൃഷിയിലൂടെ ഓണം സീസണിൽ 5000 പേർക്കും ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ ആകെ 25,000 കർഷകവനിതകൾക്ക് മികച്ച ഉപജീവനമാർഗമൊരുക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനായി ഇടനിലക്കാരെ ഒഴിവാക്കി കർഷകർ മുഖേന കാർഷികോത്പന്നങ്ങൾ പൊതുവിപണിയിലേക്ക് നേരിട്ട് എത്തിക്കാനാണ് കുടുംബശ്രീ ഉദ്ദേശിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *