എരമംഗലം : വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തുകളിലായി അഞ്ഞൂറോളം വീടുകൾ വെള്ളക്കെട്ടിൽ. വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്‌കൂൾ പരിസരം, കച്ചേരി പൊറായി, കാട്ടിലവളപ്പ്, മാട്ടുമ്മൽ, അയ്യോട്ടിച്ചിറ-തണ്ണിത്തുറ റോഡ്, സ്‌കൂൾപടി, പഴഞ്ഞി, പെരുമ്പടപ്പ് പാലപ്പെട്ടി ദുബായ്‌പടി, തട്ടുപറമ്പ്, ആലുംതാഴം, ചെറവല്ലൂർ തുരുത്തുമ്മൽ ദ്വീപ്, മാറഞ്ചേരി പുറങ്ങ്, മാരാമുറ്റം, പനമ്പാട് വെസ്റ്റ്, താമലശ്ശേരി, പരിച്ചകം എന്നിവിടങ്ങളിലെ വീടുകളാണ് വെള്ളക്കെട്ടിലായത്.
പലയിടത്തും ചെറുതോടുകൾ വഴി വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നടപടിയാരംഭിച്ചു. വെളിയങ്കോട് പഴഞ്ഞി വട്ടപ്പറമ്പിൽ ബഷീറിന്റെ വീടിന്റെ ചുറ്റുമതിൽ തകർന്നു. ചെറവല്ലൂർ തുരുത്തുമ്മൽ ദ്വീപിലെ 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ചെറവല്ലൂർ എ.എം.എൽ.പി. സ്‌കൂളിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങി. നാല് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. മറ്റു പത്ത് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
മാറഞ്ചേരി പഞ്ചായത്തിൽ പുറങ്ങ് ജി.എൽ.പി. സ്‌കൂൾ ദുരിതാശ്വാസക്യാമ്പിന് സജ്ജമാക്കിയിട്ടുള്ളതായി പ്രസിഡന്റ് പി. ബീന പറഞ്ഞു. കുഴികൾ നിറഞ്ഞുകിടക്കുന്ന പഞ്ചായത്ത് റോഡുകളെല്ലാം വെള്ളക്കെട്ടിലായതോടെ ഇതുവഴിയുള്ള യാത്രയും ദുസ്സഹമായി.
താമലശ്ശേരി-മാറാടി റോഡിൽ കോൾപടവിൽനിന്നുള്ള വെള്ളം കരകവിഞ്ഞൊഴുകുന്നുണ്ട്. മാറാടിയിലെ ചെറുപാലത്തിന് ഒരു ഭാഗത്ത് കൈവരിയില്ലാത്തതിനാൽ വലിയ ദുരന്തത്തിനു വഴിവെക്കും. മാറഞ്ചേരി തുറുവാണം ദ്വീപ് ബണ്ടുറോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. റോഡ് വെള്ളത്തിലായതോടെ ദ്വീപിലെ 197 കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. വിദ്യാർഥികൾ ഉൾപ്പെടെ അഞ്ഞൂറിലധികം മനുഷ്യരും ഇവരുടെ വളർത്തുമൃഗങ്ങളും പക്ഷികളുമാണ് ഇവിടെ ഒറ്റപ്പെട്ടിരിക്കുന്നത്.
അവധിയെടുക്കാനാകാതെ ജോലിക്കു പോകേണ്ടിവന്നവരും മറ്റു അടിയന്തരസാഹചര്യങ്ങളിൽ പുറത്തുപോകേണ്ടി വന്നവരുമായവർ അരയ്ക്കൊപ്പം മുങ്ങിക്കിടക്കുന്നതും കുത്തിയൊലിക്കുന്നതുമായ ബണ്ടുറോഡിലൂടെ ജീവൻ പണയംവെച്ചാണ് പോയിവന്നത്. ചൊവ്വാഴ്ച വൈകുന്നേരം മാറഞ്ചേരി പഞ്ചായത്ത് ബോർഡ് യോഗംചേർന്ന് ദ്വീപിലെ യാത്രാദുരിതത്തിന് താത്‌കാലികപരിഹാരം കാണുന്നതിനായി യന്ത്രം ഘടിപ്പിച്ച വഞ്ചി ഇറക്കുന്നതിന് തീരുമാനിച്ചു.
ബുധനാഴ്ച മുതൽ ദ്വീപ് നിവാസികൾക്ക് വഞ്ചിയിൽ യാത്രചെയ്യാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ബീന പറഞ്ഞു. കാലവർഷം എത്തുമ്പോഴെല്ലാം ആശങ്കയോടെയാണ് ദ്വീപ് നിവാസികൾ കഴിയുന്നത്.