തിരുവനന്തപുരം: മറ്റൊരു അതിതീവ്ര മഴ താങ്ങാൻ സാധിക്കാത്ത തരത്തിൽ കേരളം മാറിയിരിക്കെ ശക്തമായ മഴയ്ക്കുള്ള സാധ്യത വർധിപ്പിച്ച് ലാ നിന വരുന്നു. ആഗസ്റ്റ് – സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ.

അതിതീവ്ര മഴ കേരളത്തിന് പുതുമയില്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്. ഈ സമയത്താണ് മഴയെ ശക്തിപ്പെടുത്താൻ ശേഷിയുള്ള ലാ നിന എത്തുന്നത്. ഈ പ്രതിഭാസം കാരണം ഇന്ത്യയിൽ ഇത്തവണ മൺസൂൺ മുൻ വർഷങ്ങളിലേക്കാൾ ശക്തിപ്പെടുമെന്നും കേരളം ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ സാധാരണയിലും കൂടുതൽ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇത്തരം വാർത്തകൾ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആളുകളെ കൂടുതൽ ഭീതിപ്പെടുത്തുന്നുമുണ്ട്.

ഈ വർഷം പകുതി കഴിഞ്ഞതോടെ തന്നെ ആഗോള തലത്തിൽ കാലാവസ്ഥയെ സ്വാധീനിക്കുന്ന എൽ നിനോ പ്രതിഭാസം ദുർബലമായിരുന്നു. അതേസമയം ലാ നിന രൂപപ്പെടാനുള്ള സാധ്യതയും വർധിച്ചു. ലാ നിനയുടെ കാര്യത്തിൽ പ്രവചനം കൃത്യമായി നടത്തുക പ്രയാസമാണെങ്കിലും ഈ മാസം അവസാനത്തോടെ ലാ നിന പ്രതിഭാസത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മഴ കൂടുതൽ പെയ്യാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്. നിലവിൽ എൽ നിനോ പ്രതിഭാസം അവസാനിച്ചു. ലാ നിന പ്രതിഭാസം സംഭവിക്കാനുള്ള അനുകൂല സാഹചര്യങ്ങൾ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ എപ്പോൾ മുതൽ ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കുമെന്ന് പറയാൻ നിലവിലെ സാഹചര്യത്തിൽ അനുമാനങ്ങൾ മാത്രമാണ് കാലാവസ്ഥാ ഏജൻസികൾക്കുള്ളത്.

ലാ നിന പ്രതിഭാസം മൂലം രാജ്യത്ത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ദിവസം മുമ്പ് വന്ന ഈ മുന്നറിയിപ്പ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കൂടുതൽ ഭയത്തോടെയാണ് കാണുന്നത്. പ്രത്യേകിച്ച് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിന് കാരണമായത് അതിതീവ്ര മഴയായിരുന്നു എന്നതാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. കാലാവസ്ഥയിലുള്ള മാറ്റം മൂലം ഏറെ നേരമെടുത്ത് ശക്തമായ മഴ പെയ്യുന്നതിന് പകരം നിശ്ചിത സ്ഥലത്ത് കുറഞ്ഞ സമയത്ത് അതിതീവ്ര മഴയും മേഘവിസ്‌ഫോടനങ്ങളുമാണ് സംഭവിക്കുന്നത്. രാജ്യത്തുടനീളം ഈ പ്രതിഭാസമുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *