തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്‍പ്പന നടത്തുന്ന ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ് നല്‍കി പോലീസ്. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പോലീസിന്‍റെ സൈബര്‍ പെട്രോളിങ്ങില്‍ കണ്ടെത്തിയത്. കൂടാതെ തട്ടിപ്പുമായി ബന്ധപ്പെട്ട 25 വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും 20 വെബ്‌സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
കേരള മെഗാമില്യണ്‍ ലോട്ടറി, കേരള സമ്മര്‍ സീസണ്‍ ധമാക്ക എന്നീ പേരുകളില്‍ സമൂഹമാധ്യമങ്ങള്‍ വഴി കേരള സംസ്ഥാന ലോട്ടറി ഓണ്‍ലൈന്‍ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ്ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റാഗ്രാം മുതലായ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാല്‍ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക.