തവനൂർ : സംസ്ഥാനത്ത് ആദ്യമായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന പാലമാണ് തവനൂർ–തിരുനാവായ പാലമെന്നും പദ്ധതി ഒന്നര വർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്.  കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭാരതപ്പുഴയിൽ നിർമിക്കുന്ന തവനൂർ–തിരുനാവായ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ‘അൾട്രാ ഹൈ പെർഫോമൻസ് ഫൈബർ റിഇൻഫോഴ്സ്ഡ് കോൺക്രീറ്റ്’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചെലവ് കുറച്ച് പാലം നിർമിക്കുന്നത്.

മണൽ, പാറ, ഇരുമ്പ് എന്നിവ പരമാവധി കുറച്ചുള്ള നിർമാണരീതിയാണിത്. സാങ്കേതികവിദ്യയിലൂടെ പദ്ധതി ചെലവ് 30 ശതമാനം കുറയ്ക്കാനാകും.  ഇനിയുള്ള പാലങ്ങളുടെ നിർമാണത്തിനും പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുക. ആരാധാനലയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് തവനൂർ–തിരുനാവായ പാലത്തിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും മരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസ് നേരിട്ട് നിർമാണം വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ.ടി.ജലീൽ എംഎൽഎ അധ്യക്ഷനായി. കുറുക്കോളി മൊയ്തീൻ എംഎൽഎ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദ്ദീൻ, ആർബിഡിസികെ ജനറൽ മാനേജർ ടി.എസ്.സിന്ധു തവനൂർ പഞ്ചായത്ത് പ്രസിഡന്റ്, സി.പി.നസീറ, തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ ആയപ്പള്ളി, ടി.വി.ശിവദാസ്, കെ.ഷീജ തുടങ്ങിയവർ പ്രസംഗിച്ചു. 50 കോടിയോളം രൂപ ചെലവിട്ടാണ് പാലം നിർമിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *