എടപ്പാൾ : ഓണത്തിന് മുന്നോടിയായി നടക്കുന്ന എടപ്പാളിന്റെ സ്വന്തം പൂരാട വാണിഭം വെള്ളിയാഴ്ച നടക്കും. കാഴ്ചക്കുലകളുടെയും കാർഷിക ഉത്പന്നങ്ങളുടെയും പ്രദർശനവും വില്പനയുമാണ് പൂരാട വാണിഭത്തിന്റെ പ്രധാന കാഴ്ച. പൂരാടവാണിഭവും ഓണത്തിരക്കുമെല്ലാം വർധിച്ചതോടെ എടപ്പാളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെതന്നെ വലിയ ഗതാഗതത്തിരക്കായി. എടപ്പാൾ ടൗൺ മുതൽ അങ്ങാടി വരെയുള്ള ഭാഗങ്ങളിലെ കടകളെല്ലാം വാണിഭത്തിനായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
മണൽകലാകാരനായ ഉദയൻ എടപ്പാളിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ ഒരുക്കിയ ഇരുപതടിയോളം വലുപ്പമുള്ള ഓണപ്പൂവും ഓണത്തുമ്പിയുമാണ് ഇത്തവണ വാണിഭത്തിനെത്തുന്നവർക്കുള്ള വിസ്മയക്കാഴ്ച.കഴിഞ്ഞവർഷം കൂറ്റൻ കാഴ്ചക്കുലയാണ് ഇവരൊരുക്കിയിരുന്നത്. വ്യാപാരോത്സവത്തിന്റെ ഭാഗമായി എടപ്പാൾ മേല്പാലവും ടൗണും വർണങ്ങളാൽ അലങ്കരിച്ചതും സന്ദർശകർക്ക് കാഴ്ചയാണ്. ഗുരുവായൂരടക്കമുള്ള പ്രധാന ക്ഷേത്രങ്ങളിലേക്കുള്ള കാഴ്ചക്കുലകൾക്കായി നിരവധിപേരാണ് വാണിഭത്തിന് എടപ്പാളിലെത്തിയിരുന്നത്.
പഴയ കാലത്തുള്ള ഈ പതിവ് ഇപ്പോഴും പലരും തുടരുന്നു. ഉണക്ക മത്സ്യത്തിന്റെയും പ്രധാന വിപണനമേളയാണ് പൂരാടവാണിഭം. എടപ്പാൾ കൃഷിഭവൻ ഒരുക്കിയ കാർഷികച്ചന്തയും ഇത്തവണ പൂരാടവാണിഭത്തിനുണ്ട്.എടപ്പാളിലെ തുണിക്കടകളിലും പച്ചക്കറിക്കടകളിലും മാളിലുമടക്കം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തോതിൽ ജനങ്ങളുടെ വരവാരംഭിച്ചിരുന്നു.ഇതോടെയാണ് വാഹനങ്ങളുടെ തിരക്കും വർധിച്ചത്. ഹോംഗാർഡും ചങ്ങരംകുളം പോലീസുമെല്ലാം ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. പല വാഹനങ്ങൾക്കും ഏറെനേരം കുരുക്കിൽ കിടന്നാണ് ലക്ഷ്യസ്ഥാനത്തെത്താനായത്.