എടപ്പാൾ : റോഡിന് കുറുകെ മുള്ളൻപന്നികൾ ‘ബൈപാസ്’ റോഡ് നിർമിച്ചതോടെ പ്രധാന റോഡ് തകർന്നു. വട്ടംകുളം പഞ്ചായത്തിലെ എരുവപ്രക്കുന്ന് – മൂതൂർ റോഡിൽ ആണു സംഭവം. ഇന്നലെ ഉച്ചയ്ക്ക് പെയ്ത മഴയിൽ റോഡിന്റെ നടുഭാഗം താഴ്ന്നു തുടങ്ങിയതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്. പരിശോധനയിൽ ആഴമുള്ള ഗർത്തത്തിൽ മുള്ളൻപന്നികളും കുട്ടികളും ഉണ്ടെന്ന് കണ്ടെത്തി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ്, വാർഡ് അംഗം ദിലീപ് എരുവപ്ര, കഴുങ്കിൽ മജീദ്, കെ.മിഥുൻ, കെ.ബി.മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഗർത്തം പൊളിച്ചപ്പോൾ മുള്ളൻപന്നികൾ പുറത്തേക്കു കുതിച്ചു. പിന്നീട് മണ്ണിട്ടു നികത്തിയാണു ഗതാഗത തടസ്സം ഒഴിവാക്കിയത്.