തിരുവനന്തപുരം: പഠിതാക്കള്‍ക്ക് ഇടയ്ക്കുവെച്ച് നിര്‍ത്താനും പിന്നീട് തുടരാനും അവസരമൊരുക്കി നാലുവര്‍ഷ ബിരുദത്തിന്റെ പാഠ്യപദ്ധതി. വിദ്യാര്‍ഥികള്‍ക്ക് പ്രസവത്തിനും ആര്‍ത്തവത്തിനുമൊക്കെ അവധി നല്‍കാനാണ് പാഠ്യപദ്ധതി രൂപരേഖയില്‍ ശുപാര്‍ശ. ഒരു സര്‍വകലാശാലയില്‍ കോഴ്‌സിനിടയിലാണ് പഠനം നിര്‍ത്തുന്നതെങ്കില്‍, പിന്നീട് മറ്റൊരു സര്‍വകലാശാലയില്‍ അതുതന്നെ തുടരാന്‍ സൗകര്യമുണ്ടാകും.
നാലവര്‍ഷബിരുദത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന അക്കാദമിക് ക്രെഡിറ്റ് ബാങ്ക് ഇതിനായി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താം. ഒരു സര്‍വകലാശാലയിലെ പഠനത്തിനിടെ നേടുന്ന ക്രെഡിറ്റ് മറ്റൊരു സര്‍വകലാശാലയില്‍ പഠിക്കാനായി കൈമാറ്റം ചെയ്യാനാകും. കേരളത്തില്‍ മാത്രമല്ല, രാജ്യത്തും വിദേശത്തും ക്രെഡിറ്റ് പ്രയോജനപ്പെടുത്താം.
മൂന്നുവര്‍ഷംമുമ്പ് ഒരു വിദ്യാര്‍ഥി പഠനം നിര്‍ത്തിയാല്‍ ‘കോഴ്‌സ് കം ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റ്’ നല്‍കും. തുടര്‍പഠനം നടത്തണമെങ്കില്‍ ഇത് ഉപയോഗിക്കാം. ഒരു കോഴ്‌സിനുചേര്‍ന്നാല്‍, ഇടവേളയെടുക്കാനും തുടര്‍പഠനത്തിനുമൊക്കെ അവസരമുണ്ടെങ്കിലും എട്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരികക്കണം. മന്ദഗതിയില്‍ പഠിക്കുന്നവര്‍ക്ക് ബിരുദം നാലോ അഞ്ചോ വര്‍ഷമെടുത്തും (എട്ട്-പത്ത് സെമസ്റ്റര്‍) നാലുവര്‍ഷത്തെ ഓണേവ്‌സ് ഡിഗ്രി അഞ്ചോ ആറോ വര്‍ഷമെടുത്തും (10-12 സെമസ്റ്റര്‍) പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കും.
ഒരുവര്‍ഷം 200 പ്രവൃത്തിദിനമുണ്ടാവും. ഒരു സെമസ്റ്ററില്‍ 90 പ്രവൃത്തിദിനം. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് 10 ദിനസം മാറ്റിവെക്കും. സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണം. ക്ലാസില്‍ ഹാജരാവാതിരുന്നത് മതിയായ കാരണങ്ങളോടെയാണെങ്കില്‍ ആധികാരിക അവധി അനുവദിക്കും.