തിരൂർ : കേളകത്ത് ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ നാടകപ്രവർത്തകർക്ക് കുടുംബകൂട്ടായ്മ ആക്റ്റ് തിരൂരിന്റെ നേതൃത്വത്തിൽ സഹായധനം കൈമാറി.കണ്ണൂർ കടന്നപ്പള്ളിയിൽ നാടകം അവതരിപ്പിച്ച് സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രയിലാണ് കേളകത്തിനടുത്തുവെച്ച് കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസ് ട്രൂപ്പിന്റെ ബസ് മറിഞ്ഞ് രണ്ട് നാടക നടികൾ മരിക്കുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും തിരൂരിലെ കലാസ്നേഹികളുടെ സഹകരണത്തോടെയാണ് ആക്റ്റ് തിരൂർ സഹായം നൽകിയത്.തിരൂർ ടൗൺഹാളിൽ നടന്ന ആക്റ്റ് നാടകമേളയിൽ സമാഹരിച്ച തുകയാണ് കൈമാറിയത്. തിരൂർ സർക്കാർ വിശ്രമ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ആക്റ്റ് പ്രസിഡന്റും മന്ത്രിയുമായ വി. അബ്ദുറഹ്‌മാൻ ദേവ കമ്മ്യൂണിക്കേഷൻസിന്റെ പ്രതിനിധികളായ സുരീഷ്, മനേഷ് എന്നിവർക്ക് കൈമാറി.=വൈസ് പ്രസിഡന്റ് അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി അധ്യക്ഷതവഹിച്ചു. മനോജ് ജോസ്, കരീം മേച്ചേരി, എം.കെ. അനിൽകുമാർ, സന്തോഷ് മേനോൻ, എ.കെ. പ്രേമചന്ദ്രൻ, നൈന ബാവ, രവീന്ദ്രൻ, എ. കേശവൻ, ഷീന രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.