എടപ്പാൾ : ഫണ്ടനുവദിച്ച് രണ്ടുവർഷമായിട്ടും ടാർചെയ്യാതെ പൊളിഞ്ഞു കിടക്കുന്ന ശുകപുരം റോഡിലെ യാത്ര കൂടുതൽ ദുസ്സഹമാക്കി ഇവിടുത്തെ ക്ഷേത്ര ഉത്സവം തുടങ്ങുന്ന ദിവസംതന്നെ വാട്ടർ അതോറിറ്റി വീണ്ടും ചാലു കീറി. കുളങ്കര ക്ഷേത്രത്തിൽ 15 ദിവസം നീളുന്ന താലപ്പൊലി മഹോത്സവത്തിന് ഞായറാഴ്ചയാണ് കൊടിയേറിയത്. അന്നു രാവിലെ തന്നെ പട്ടാമ്പി റോഡിൽനിന്ന് ഈ റോഡിലേക്കിറങ്ങുന്ന ഭാഗം കിടങ്ങു കീറിയാണ് വാട്ടർ അതോറിറ്റി ജനങ്ങളോടുള്ള കടപ്പാട് തീർത്തത്.
മാസങ്ങൾക്കു മുൻപ് റോഡിലെ മറ്റു ഭാഗങ്ങളെല്ലാം പൊളിച്ച് പൈപ്പിട്ടതോടെയാണ് റോഡിന്റെ കരാർ കൊടുത്ത റോഡ് പണി മുടങ്ങിയത്. അന്ന് അതിന്റെ കൂടെ ചെയ്യാതെ മാസങ്ങളോളം വെറുതെയിട്ട് നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെയാണ് ഉത്സവക്കൊടിയേറ്റ ദിനം തന്നെ മണ്ണുകൂമ്പാരമാക്കിയത്. ഇത്രയും കാത്ത സ്ഥിതിക്ക് ഉത്സവം കഴിഞ്ഞശേഷം പണിയാരംഭിക്കാമെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും ഇവർ വകവെച്ചില്ല. നേരത്തെ കീറിയിട്ട ഭാഗംതന്നെ ടാർ ചെയ്യാതെ പല ഭാഗവും ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നതിനിടയിലാണ് പുതിയ ദുരിതം കൂടി ഇവർ സമ്മാനിച്ചിട്ടുള്ളത്.