Breaking
Thu. Oct 1st, 2026

പുതുപൊന്നാനി അഴിമുഖത്തെ മണൽതിട്ട നീക്കൽ : വിശദരൂപരേഖ തയ്യാറാക്കും

പുതുപൊന്നാനി : അഴിമുഖത്തെ മണൽതിട്ട നീക്കാൻ വിശദമമായ രൂപരേഖ തയ്യാറാക്കും. ഇതിന്റെ ഭാഗമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻ.ഐ.ഒ.ടി.) യിലെ ശാസ്ത്രജ്ഞർ പുതുപൊന്നാനി അഴിമുഖം സന്ദർശിച്ചു.

പി. നന്ദകുമാർ എം.എൽ.എ.യുടെ നേതൃത്വത്തിൽ ചന്തപ്പടി റസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിനു ശേഷമാണ് സംഘം അഴിമുഖം സന്ദർശിച്ചത്. അഴിമുഖത്തെ മണൽത്തിട്ടയിൽ മത്സ്യബന്ധന യാനങ്ങൾ ഇടിക്കുന്നതും അപകടമുണ്ടാകുന്നതും പതിവായിരുന്നു. ഇതേത്തുടർന്നാണ് മണൽത്തിട്ട നീക്കാൻ പദ്ധതി തയ്യാറാക്കിയത്.

അടുത്ത ആഴ്ച എൻ.ഐ.ഒ.ടി. സംഘം സ്ഥലത്തെത്തി അഴിമുഖത്തിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനായി മണൽതിട്ട നീക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കും. ഇതിനു ശേഷം പദ്ധതിക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഹാർബർവകുപ്പ് സർക്കാരിന്റെ അംഗീകാരത്തിനു സമർപ്പിക്കും.

പുതുപൊന്നാനി അഴിമുഖത്ത് ഹൈഡ്രോ ഗ്രാഫിക് വിഭാഗം സർവേ നടത്തി അഴിമുഖത്തിന്റെ ആഴവും അടിഞ്ഞു കൂടിയ മണലിന്റെ തോതും തിട്ടപ്പെടുത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് എൻ.ഐ.ഒ.ടി. സംഘത്തിന് കൈമാറി.

ശസ്ത്രജ്ഞരായ എ.എസ്. കിരൺ, ശ്യാമള വർധിനി, രാംകുമാർ, സീനിയർ എൻജിനീയർ ടി. ലോകേഷ്, ഹാർബർ സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് അൻസാരി, എക്‌സിക്യുട്ടീവ് എൻജിനീയർ എം.ടി. രാജീവ്, ഹൈഡ്രോ ഗ്രാഫിക് സർവേ വിഭാഗം എ.ഇ. ഷാൽബി ജോസഫ് എന്നിവരാണ് അഴിമുഖം സന്ദർശിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *