Breaking
Thu. Aug 6th, 2026

കേരളത്തിൽ 86,000 മുൻഗണനാ റേഷൻ കാർഡുകാർ പുറത്തേക്ക്; അനർഹരെ കണ്ടെത്തിയത് ആദായനികുതി റിട്ടേൺ പരിശോധിച്ച്

സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുകാരിൽ അനർഹരെ കണ്ടെത്താനുള്ള നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ. ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ളതായി കണ്ടെത്തിയ 86,000 പേരുടെ വിവരങ്ങൾ കേരളത്തിന് കൈമാറി. ഇവരെ മുൻഗണനാ റേഷൻ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു.മുൻഗണനാ റേഷൻ കാർഡുള്ള കുടുംബത്തിൽ ആരെങ്കിലും ആദായനികുതി അടയ്ക്കുന്നവരാണെങ്കിൽ അവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കണ്ടെത്തിയവരുടെ വിവരങ്ങൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം, പി.എം. കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതും ഒരേക്കറിലധികം ഭൂമിയുള്ളതുമായ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങളുടെ വിവരങ്ങളും പ്രത്യേകം ശേഖരിച്ചിട്ടുണ്ട്. ഇവരുടെയും അർഹത പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.ഇതിനൊപ്പം, ജിഎസ്ടി രജിസ്ട്രേഷൻ നേടിയവരും കമ്പനി രജിസ്റ്റർ ചെയ്തവരുമായ മുൻഗണനാ കാർഡ് അംഗങ്ങളെയും കണ്ടെത്താൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. അനർഹരാണെന്ന് സ്ഥിരീകരിക്കുന്നവർ ഇതുവരെ സൗജന്യമായി കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ വിപണിവില പിഴയായി തിരിച്ചടയ്ക്കേണ്ടിവരും. അരിക്ക് കിലോഗ്രാമിന് 40 രൂപയും ഗോതമ്പിന് കിലോഗ്രാമിന് 29 രൂപയുമാണ് ഈടാക്കുക.

റേഷൻ കാർഡ്, പാൻ കാർഡ് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാർ വിവരങ്ങൾ ഉപയോഗിച്ച് എഐസാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ആദായനികുതി റിട്ടേൺ വിവരങ്ങൾ വിശകലനം ചെയ്ത് അനർഹരെന്ന് സംശയിക്കുന്നവരുടെ വിവരങ്ങൾ സ്മാർട്ട് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം വഴി തത്സമയം സംസ്ഥാനങ്ങൾക്ക് കൈമാറുന്ന സംവിധാനമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. പരിശോധന പുരോഗമിക്കുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട് .

Related Post

Leave a Reply

Your email address will not be published. Required fields are marked *