Breaking
Thu. Aug 6th, 2026

പനമ്പിള്ളി സ്‌മാരക ട്രസ്റ്റ് ഭൂമിവിൽപ്പനയെച്ചൊല്ലി കലഹം

പൊന്നാനി: കോൺഗ്രസ് മണ്ഡലം അധ്യക്ഷൻമാരെ നിയമിച്ചതിന്റെ കലഹം കെട്ടടങ്ങുന്നതിനു പിന്നാലെ പൊന്നാനിയിലെ കോൺഗ്രസിൽ ഭൂമിവിൽപ്പനയെച്ചൊല്ലി വിവാദം. കൊല്ലംപടി ഉറൂബ് നഗറിലെ കോൺഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ ആസ്ഥാനമായ പനമ്പിള്ളി സ്‌മാരക ഓഫീസ് നിൽക്കുന്ന ഭൂമി കെ.പി.സി.സി., ഡി.സി.സി. നേതൃത്വങ്ങളുടെ അനുമതിയില്ലാതെ പനമ്പിള്ളി സ്‌മാരക ട്രസ്റ്റ് അംഗങ്ങൾ സ്വന്തംനിലയ്ക്ക് വിൽപ്പന നടത്തിയെന്നതാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം.

ഇതുസംബന്ധിച്ച്‌ എ.ഐ.സി.സി. അധ്യക്ഷൻ മുതൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ അഡ്വ. വി.എസ്. ജോയി വരെയുള്ളവർക്ക് പരാതിനൽകി. അന്തരിച്ച മുൻ എം.എൽ.എ. പി.ടി. മോഹനകൃഷ്‌ണന്റെ നേതൃത്വത്തിൽ പ്രവാസികളും സ്വദേശികളുമായ കോൺഗ്രസ് പ്രവർത്തകരിൽനിന്നും അനുഭാവികളിൽനിന്നും പിരിവെടുത്ത് പൊന്നാനി ചമ്രവട്ടം ജങ്ഷനിലായിരുന്നു നാൽപ്പതുവർഷം മുൻപ്‌ കോൺഗ്രസ് പാർട്ടിക്ക് പൊന്നാനിയിൽ സ്വന്തമായൊരു ആസ്ഥാനമെന്ന സ്വപ്‌നപദ്ധതിയായി പനമ്പിള്ളി സ്‌മാരക ഓഡിറ്റോറിയവും ഓഫീസും നിർമിച്ചത്. പിന്നീട് ബാങ്ക് ജപ്‌തിയുടെ വക്കിലായപ്പോൾ ചമ്രവട്ടം ജങ്ഷനിലെ ആസ്ഥാനം വിറ്റു.

ജപ്തിനടപടി തീർത്ത് ബാക്കിവരുന്ന പണം ഉപയോഗിച്ചാണ് കൊല്ലംപടി ഉറൂബ് നഗറിലെ നിലവിലെ കോൺഗ്രസ് ആസ്ഥാനം വാങ്ങിയത്. 18 സെൻറ് ഭൂമിയും ഒരു കെട്ടിടവും ഉൾപ്പെടുന്നതാണ് അന്നു വാങ്ങിയത്. കോൺഗ്രസ് പ്രവർത്തകരിൽനിന്ന് പിരിവെടുത്തു നിർമിച്ച കോൺഗ്രസ് ആസ്ഥാനവും ഭൂമിയും ജില്ലാ കോൺഗ്രസ് കമ്മിറ്റി, കെ.പി.സി.സി. അധ്യക്ഷൻമാരിൽ ഒരാളുടെപേരിൽ രജിസ്റ്റർ ചെയ്യണമെന്നതാണ് നേതൃത്വത്തിന് പരാതിനൽകിയവരുടെ ആവശ്യം.

പനമ്പിള്ളി സ്‌മാരക ട്രസ്റ്റ് ഭൂമിവിൽപ്പന ട്രസ്റ്റ് ഭാരവാഹികളുടെ കുടുംബസ്വത്തു പോലെയാണ് കൈകാര്യംചെയ്യുന്നതെന്നും വിൽപ്പന സംബന്ധിച്ച കാര്യങ്ങളിൽ സുതാര്യതയില്ലെന്നതുമാണ് പ്രധാന ആക്ഷേപം. നിലവിലെ പനമ്പിള്ളി സ്‌മാരക ട്രസ്റ്റ് ഭൂമിയിൽ 18 സെന്റിൽ 12 സെൻറ് വരുന്ന ഭൂമി ഒരു സെന്റിന് എട്ടുലക്ഷം രൂപ വിലയിൽ ഒരുകോടിയോളം രൂപയ്ക്ക് വിറ്റു. ബാക്കിവരുന്ന ഭൂമിയിൽ പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക കോൺഗ്രസ് ഓഫീസും പനമ്പിള്ളി സ്‌മാരക ഓഡിറ്റോറിയവും നിർമിക്കാനാണ് ട്രസ്റ്റിന്റെ നീക്കം.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ, കെ.പി.സി.സി. നിർവാഹകസമിതിയംഗം വി. സെയ്‌ത്‌ മുഹമ്മദ് തങ്ങൾ, വി. ഉണ്ണികൃഷ്‌ണൻ, ഗോപാലകൃഷ്‌ണൻ, കുഞ്ഞിമുഹമ്മദ് എന്നിവരാണ് പനമ്പിള്ളി സ്‌മാരക ട്രസ്റ്റ് നേതൃത്വം. കോൺഗ്രസിന് നല്ലൊരു ആസ്ഥാനം പൊന്നാനിയിൽ ഉണ്ടാകണമെന്ന ലക്ഷ്യത്തിലാണ് ഭൂമിവിൽപ്പന നടത്തിയതെന്നും ഈ തുക ഉപയോഗിച്ച്‌ 3452 ചതുരശ്രയടി വിസ്തീർണത്തിൽ ഇരുനിലക്കെട്ടിടം പണിയുമെന്നും ഇതിന്റെ തറക്കില്ലടൽ വ്യാഴാഴ്‌ച ട്രസ്റ്റ് അംഗം വി. സെയ്‌ത്‌ മുഹമ്മദ് തങ്ങൾ നിർവഹിക്കുമെന്നും പി.ടി. അജയ്‌മോഹൻ പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *