എരമംഗലം : ഏറെക്കാലമായി വാടകക്കെട്ടിടത്തിലായിരുന്ന അയിരൂർ മൂന്നാംവാർഡിലെ 70-ാം നമ്പർ അങ്കണവാടിക്ക് ഒടുവിൽ ശാപമോക്ഷം.ഇനിമുതൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്വന്തം അങ്കണവാടിയിൽ കുട്ടികൾ പഠിക്കും. പൊന്നാനി എം.ഇ.എസ്. കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. വി.കെ. ബേബിയും ഭാര്യ റഫീഖയും ചേർന്നു സൗജന്യമായി നൽകിയ ഭൂമിയിലാണ് ജില്ലാപഞ്ചായത്തംഗം എ.കെ. സുബൈറിന്റെ ശ്രമഫലമായി പുത്തൻ കെട്ടിടം നിർമിച്ചത്. ജില്ലാപഞ്ചായത്ത് 22 ലക്ഷം രൂപ ചെലവിട്ടാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിച്ചത്. എൻ. മൂസ മാസ്റ്റർ-സൈനബ ഹജ്ജുമ്മ സ്‌മാരക അങ്കണവാടി കെട്ടിടം ജില്ലാപഞ്ചായത്തംഗം എ.കെ. സുബൈർ ഉദ്‌ഘാടനംചെയ്തു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്‌തഫ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് പി. നിസാർ, പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സൗദാമിനി, പ്രൊഫ. വി.കെ. ബേബി, പഞ്ചായത്തംഗങ്ങളായ സൗദ അബ്ദുല്ല, കെ. ഉണ്ണിക്കൃഷ്‌ണൻ, ശാന്തകുമാരൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ അദീബ, വാർഡംഗം വിജിത, അങ്കണവാടി അധ്യാപിക പുഷ്പജ തുടങ്ങിയവർ പ്രസംഗിച്ചു.